തിരുവനന്തപുരം: തെരുവുപട്ടികളെ കൊന്നൊടുക്കി പരിഹാരം തേടാമെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെന്നും അത്തരം കാര്യങ്ങളെ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയ പരിഹാരമാണ് സര്‍ക്കാര്‍ തേടുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ ഷെല്‍ട്ടറുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

സംസ്ഥാനത്ത് തെരുവുപട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഈ വര്‍ഷം മാത്രം 21 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇവരില്‍ 15 പേരും പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ ഫീല്‍ഡ് ലെവല്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കണക്ക് പ്രകാരം 57 ശതമാനമാണ് റാബീസ് വാക്സിന്റെ ഉപയോഗം കൂടിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുന്നതും തെരുവുപട്ടികള്‍ക്ക് കഴിക്കാന്‍ പാകത്തില്‍ ലഭിക്കുന്നതുമാണ് പട്ടികള്‍ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായത്. ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തും. ഹോട്ടലുകള്‍, കാറ്ററിങ് സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രത്യേകം നിര്‍ദേശം നല്‍കും. ഭക്ഷണങ്ങള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സെപ്റ്റംബര്‍ മാസം പേവിഷബാധ പ്രതിരോധമാസമായി ആചരിക്കും. വളര്‍ത്തുനായകളെ തെരുവില്‍ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here