ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും തമ്മിലുള്ള കൂടിക്കാഴ്ച ബംഗളൂരുവില്‍ നടന്നുവെങ്കിലും സില്‍വര്‍ലൈന്‍ ചര്‍ച്ചയായില്ല. ഇന്ന് രാവിലെ ബസവരാജ ബൊമ്മെയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സിൽവർലൈൻ അർധ അതിവേഗ റെയിൽപദ്ധതി മംഗളൂരു വരെ നീട്ടുന്നത് ചർച്ചയിൽ പ്രധാന വിഷയമായിവരുമെന്ന് കരുതി​യെങ്കിലും സാങ്കേതിക വിവരങ്ങൾ കേരളം കർണാടകക്ക് കൈമാറിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചർച്ചയാകാതിരുന്നതെന്ന് വിലയിരുത്തല്‍. മൈസൂര്‍- മലപ്പുറം ദേശീയ പാതയ്ക്ക് തത്വത്തിൽ ധാരണയായി. കേരളത്തിലെയും കർണാടകത്തിലെയും ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

നിലമ്പൂർ – നഞ്ചൻകോട്, തലശ്ശേരി – മൈസൂർ , കാസര്‍കോട് ദക്ഷിണ കന്നഡ റയിൽവേലൈന്‍ എന്നീ പദ്ധതികൾക്കുകൂടി കർണാടകത്തിന്റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു പിണറായിയുടെ സന്ദർശനത്തിന്റെ ഉദ്ദേശം. എന്നാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇവ നടപ്പാക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു

എൻഎച്ച് 766ലെ രാത്രികാല നിയന്ത്രണത്തിനു ബദൽ സംവിധാനമായി ദേശീയപാത അതോറിറ്റി തയാറാക്കുന്ന മൈസൂരു– മലപ്പുറം സാമ്പത്തിക ഇടനാഴി പദ്ധതിയിൽ തോൽപ്പെട്ടി മുതൽ പുറക്കാട്ടിരി വരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറം വരെയുമുള്ള അലൈൻമെന്റുകൾ നടപ്പിലാക്കാൻ കേരളവും കർണാടകവും സംയുക്തമായി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടാന്‍ തിരുമാനമായി. വടക്കൻ കേരളത്തെയും തെക്കൻ കർണാടകത്തെയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട കാഞ്ഞങ്ങാട്- പാണത്തൂർ- കണിയൂർ റെയിൽവേ ലൈൻ പദ്ധതി കർണാടക സർക്കാർ പരിശോധിക്കുമെന്നും ആവശ്യമായ സാമ്പത്തിക സഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.

ബാഗെപ്പള്ളിയില്‍ നടത്തുന്ന സി.പി.എം പൊതുയോഗത്തിലും ബഹുജന റാലിയിലും പങ്കെടുക്കാനാണ്‌ പിണറായി വിജയന്‍ കര്‍ണാടകയിലെത്തിയത്‌. പരിപാടിയിൽ പിണറായി വിജയനൊപ്പം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും, ബി വി രാഘവരഘുവും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here