തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനും മകൾക്കും കെഎസ്ആർടിസി ജീവനക്കാരുടെ മർദനം. മകളുടെ യാത്രാസൗജന്യത്തെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. അമച്ചൽ സ്വദേശി പ്രേമനാണ് മകളുടെ മുന്നിൽവച്ച് മർദനമേറ്റത്. പരിക്കേറ്റ ഇയാളെ കാട്ടാക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥിനിയായ മകളുടെ കണ്‍സഷൻ ടിക്കറ്റ് പുതുക്കാനായിട്ടാണ് കെഎസ്ആര്‍ടിസിയുടെ കാട്ടാക്കട ഡിപ്പോയിൽ മക്കളുമൊത്ത് പ്രേമൻ എത്തിയത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ കണ്‍സഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാര്‍ ഓഫീസിൽ നിന്നും പ്രേമനോട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാക്കുകയും കാര്യങ്ങൾ കൈയേറ്റത്തിലേക്ക് എത്തുകയുമായിരുന്നു. മൂന്നുപേർ ചേർന്നാണ് പ്രേമനെ മർദിച്ചത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൾക്കും പരിക്കേറ്റത്.

സംഭവത്തിൽ ഗതാഗതമന്ത്രി ആന്‍റണി രാജു കെഎസ്ആര്‍ടിസി എംഡിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി. മുഴുവൻ കെഎസ്ആർടിസി ജീവനക്കാർക്കും അവമതിപ്പുണ്ടാക്കുന്ന അതിക്രമമാണ് ഉണ്ടായത്. കയ്യൂക്ക് കാണിക്കാനുള്ള സ്ഥലമല്ലിതെന്നും ആന്‍റണി രാജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here