തിരുവനന്തപുരം: കഴിഞ്ഞ മൂന്നു മാസമായി ഉയര്‍ന്ന ‘കിട്ടിയോ’ എന്ന ചോദ്യത്തിന് മറുപടിയായി. എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവ് ജിതിന്‍ കുളത്തൂര്‍ ആണ് പിടിയിലായിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍ കുളത്തൂര്‍.

ജവഹര്‍നഗറിലെ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ആറ്റിപ്രയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി കസ്റ്റഡിയിലാകുന്നത്. ജൂണ്‍ 30ന് ആ്രകമണം നടന്ന 11.15ന് എ.കെ.ജി സെന്റര്‍ ഭാഗത്ത് അഞ്ച് ടവര്‍ ലൊക്കേഷനുകളില്‍ ജിതിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. പ്രദേശത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ വന്നതാണെന്നായിരുന്നു അന്ന് നല്‍കിയ മൊഴി. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഇത് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.

ഇയാള്‍ക്ക് സ്‌ഫോടക വസ്തു എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യം പരിശോധിച്ചുവരികയാണ്. തുമ്പ, ആറ്റിപ്ര, കഴക്കൂട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ പടക്കങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നവരുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

എ.കെ.ജി സെന്ററിനു നേര്‍ക്ക് പടക്കമെറിഞ്ഞ സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ അന്വേഷണ ഏജന്‍സിയേയും സര്‍ക്കാരിനേയും സിപിഎമ്മിനെയും പരിഹസിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. ‘കിട്ടിയോ’ എന്ന ഹാഷ് ടാഗിലായിരുന്നു പരിഹാസം.

LEAVE A REPLY

Please enter your comment!
Please enter your name here