തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ രാജ്യവ്യാപകമായി കേന്ദ്ര ഏജൻസികളുടെ റെയ്ഡ്. സംസ്ഥാനത്ത് എഴുപതോളം കേന്ദ്രങ്ങളിൽ നടന്ന റെയ്‌ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ദേശീയ- സംസ്ഥാന നേതാക്കളായ ഇരുപതോളം പേരെ എൻ ഐ എ കൊച്ചിയിൽ അറസ്റ്റ് ചെയ്തു. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന നടന്നത്.

പി എഫ് ഐ ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കമുള്ള മുതിർന്ന നേതാക്കൾ അറസ്റ്റിലായി. ഇവരിൽ എട്ട് പേരെ ഡൽഹിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് നടന്ന റെയ്‌ഡിൽ നിരവധിപ്പേരെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

പി എഫ് ഐ ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീൻ, ദേശീയ പ്രസിഡന്റ് ഒ എം എ സലാം, ‌സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് ബഷീർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീൻ, കോഴിക്കോട് സ്വദേശി പി കോയ, ദേശീയ വൈസ് പ്രസിഡണ്ട് കളമശേരി സ്വദേശി അബ്ദുൽ റഹ്മാൻ കളമശ്ശേരി എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റ് പ്രമുഖ നേതാക്കൾ.

സംസ്ഥാനത്തെ പി എഫ് ഐ ഓഫീസുകൾക്ക് പുറമേ നേതാക്കളുടെ വീടുകളിലും റെയ്‌ഡ് നടന്നിരുന്നു. പുലർച്ചെ മൂന്നരയോടെ കേന്ദ്രസേനകളെ വിന്യസിച്ചായിരുന്നു എൻ ഐ എ റെയ്‌ഡ്. കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, ഡൽഹി തുടങ്ങിയ പതിമൂന്ന് സംസ്ഥാനങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇഡിയുടെ സഹകരണത്തോടെ റെയ്‌ഡ് നടന്നത്. ഭീകര പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗ്, പരിശീലന ക്യാമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് അധികൃതർ പറയുന്നത്. സംസ്ഥാന സർക്കാരുകളെപ്പോലും അറിയിക്കാതെയായിരുന്നു റെയ്ഡ്.

അതേസമയം, പോപ്പുർ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അറസ്റ്റുചെയ്ത നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ ഹർത്താൽ ഉൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പത്രസമ്മേളനത്തിൽ

അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here