തൃശ്ശൂർ: കേരളത്തിൽ എല്ലാ വർഗീയതയ്ക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം. കുടപിടിച്ചു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും സർക്കാരും സിപിഎമ്മും കേരളത്തിൽ ഒരു പോലെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

 

മുഖ്യമന്ത്രി പ്രസംഗിക്കുന്നത് വേറെ പ്രവർത്തിക്കുന്നത് വേറെയാണ്. ഭാരത് ജോഡോ യാത്രയെക്കുറിച്ച് നിലപാടെടുക്കുന്ന മുഖ്യമന്ത്രി ബിജെപിക്കെതിരെ ഒന്നും മിണ്ടുന്നില്ല. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ വ്യാപക അക്രമണമാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇത് അപലപനീയമാണ്. പോലീസിന്റെ അസാന്നിധ്യം അക്രമങ്ങൾക്ക് കാരണമായി. പലയിടത്തും പോലീസ് ഇല്ലായിരുന്നു. വിസ്മയമുളവാക്കിയ നിസ്സംഗതയാണ് പോലീസ് ഹർത്താലിൽ കാണിച്ചത്. അക്രമ ഹർത്താലിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് അത്ഭുതകരം. അദ്ദേഹത്തിന്റെ വർഗീയ വിരുദ്ധ നിലപാട് കപടമാണ്.

 

പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ വർഗീയത പ്രചരിപ്പിക്കുന്ന തരത്തിലുള്ളതാണ്. ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ടുപേരും പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണ്. ഒരു കൂട്ടർ ചെയ്യുന്ന കുഴപ്പമാണ് മറ്റൊരു കൂട്ടരുടെ നിലനിൽപ്പിന് ആധാരം. അതുകൊണ്ടാണ് ന്യൂനപക്ഷ വർഗീയതയോടും ഭൂരിപക്ഷ വർഗീയതയോടും സമരസപ്പെടാൻ പാടില്ല എന്ന തീരുമാനമെടുത്തത്. രണ്ടുപേരേയും ഒരുപോലെ എതിർക്കുന്നു. എന്നാൽ നിരോധനം ഒരു പരിഹാരമാണോ എന്ന് ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മുഖ്യമന്ത്രി ഭാരത് ജോഡോ യാത്രയെ ഭയപ്പെടുന്നു. രാഹുൽ ഗാന്ധി തിരുവനന്തപുരം കളിയിക്കാവിള കടന്നപ്പോൾ തൊട്ട് സിപിഎമ്മുകാർക്ക് എന്തിനാണ് ഇത്ര ആധി? യാത്രയിൽ സംസ്ഥാന സർക്കാരിനെതിരായി പറഞ്ഞിട്ടില്ല. എന്നാൽ സംഘപരിവാറിനെതിരായി പറയുമ്പോൾ എന്തിനാണ് സിപിഎമ്മിന് ഒരു ആധി. മുഖ്യമന്ത്രിക്ക് എന്താണ് പ്രശ്നം. ഇയാൾ എന്തിനാണ് യാത്ര നടത്തുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.

കോൺഗ്രസ് അധ്യക്ഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിന്, രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നാണ് കേരളത്തിലെ എല്ലാ നേതാക്കളും എടുത്തിരിക്കുന്ന നിലപാടെന്നും ഇക്കാര്യം അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here