തിരുവനന്തപുരം: വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമം നേരിടുന്നതില്‍ പോലീസ് സ്തുത്യര്‍ഹമായ നടപടികളാണ് കൈക്കൊണ്ടത്, തുടര്‍ന്നും കരുത്തുറ്റ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

‘കുറ്റവാളികളില്‍ ചിലരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. കുറേ പേരെ ഇനിയും പിടികൂടാനുണ്ട്. അവര്‍ അടയാളം മറച്ചുവെക്കാന്‍ മുഖംമൂടി ധരിച്ചാണ് എത്തിയത്. അത്തരം ആളുകളെയെല്ലാം പോലീസിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ കണ്ടെത്തുകയാണ് വേണ്ടത്. ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളിലെത്തും. ആ തരത്തിലുള്ള നടപടികള്‍ കേരളത്തിലെ പോലീസ് സേനക്ക് സ്വീകരിക്കാനാകും’, മുഖ്യമന്ത്രി പറഞ്ഞു.

 

താത്കാലിക ലാഭത്തിന് വേണ്ടി ഇത്തരം സംഘടനകളെ ഒപ്പം നിര്‍ത്തിയവരുണ്ട്, അവര്‍ ചിന്തിക്കണമെന്നും പ്രതിപക്ഷത്തെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

 

‘കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടിതമായ, അക്രമോത്സുകമായ നടപടികള്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി. ഒരുപാട് നാശനഷ്ടങ്ങളുണ്ടാക്കുന്ന രീതിയിലാണ് ഇടപെടലുണ്ടായത്. മുഖംമൂടി ധരിച്ച്, നേരത്തെ ആസൂത്രണം ചെയ്തുള്ള ആക്രമണ രീതി സ്വീകരിച്ചു. വലിയ നാശനഷ്ടങ്ങളുണ്ടായി. ഒരുപാട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഡോക്ടര്‍പോലും അക്രമിക്കപ്പെടുന്ന അവസ്ഥയുണ്ടാകുകയും ചെയ്തു. കേരളത്തില്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വ്യാപകമായ അക്രമ സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത്. തീര്‍ത്തും അപലപനീയമായ നടപടികളാണ് ഉണ്ടായത്.

നമ്മുടെ സംസ്ഥാനത്തിന്റെ പൊതു അന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള ഇടപെടലാണ് ഉണ്ടായിട്ടുള്ളത്. പോലീസ് ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചത്. ഇനി സ്വീകരിക്കാനിരിക്കുന്നതും കൂടുതല്‍ കരുത്തുറ്റ നടപടികള്‍ തന്നെയാണ്. ഇത്തരത്തിലുള്ള അക്രമങ്ങള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാനാകില്ല. ഇത്തരം കാര്യങ്ങളില്‍ ശക്തമായ നടപടികളാണ് പോലീസ് സേനയുടെ ഭാഗത്തുനിന്ന് എല്ലാ കാലത്തും ഉണ്ടായിട്ടുള്ളത്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ഇവിടെ ആക്രമണം നടത്തിയ ഇത്തരത്തിലുള്ള ശക്തികളെ താത്കാലിക ലാഭത്തിനുവേണ്ടി ഒപ്പം നിര്‍ത്തിയവരുണ്ട്. അവര്‍ ആലോചിക്കണം. വര്‍ഗീയതയ്ക്ക് വര്‍ഗീയ സ്വഭാവം മാത്രമേയുള്ളൂ. ഇവിടെ വര്‍ഗീയ ശക്തികള്‍ തീവ്രവാദ സ്വഭാവം കൂടി കൈവരിക്കുകയാണ്. ഇവര്‍ക്ക് ഒരിക്കലും നാടിനെ ഒരുമിപ്പിച്ച് നിര്‍ത്താനാവില്ല. അവര്‍ക്ക് അവരുടേതായ അജണ്ടയുണ്ട്. അവരെ വാക്കിലും നോക്കിലും അനുകൂലിക്കുന്ന നില മതനിരപേക്ഷതയുടെ ഭാഗമാണെന്ന് പറയുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്. സ്തുത്യര്‍ഹമായ നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്ന് തുടര്‍ന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here