ആര്‍ക്കിടെക്റ്റുമാരും ബില്‍ഡര്‍മാരുമുള്‍പ്പെട്ടവര്‍ വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചു.

രണ്ടാമത് ശില്‍പ്പശാല ഇന്ന് (സെപ്തം 30) നുവാല്‍സില്‍ അഡ്വക്കേറ്റ് ജനറല്‍ ഉദ്ഘാടനം ചെയ്യും


കൊച്ചി: ജിസിഡിഎ കൊച്ചിയില്‍ ഒക്ടോബര്‍ 9, 10 തീയതികളില്‍ സംഘടിപ്പിക്കുന്ന ബോധി 2022 നഗരവികസന കോണ്‍ക്ലേവിനു മുന്നോടിയായി വിവിധ വിഷയങ്ങളില്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാലകളില്‍ ആദ്യത്തേത് വ്യാഴാഴ്ച ദര്‍ബാര്‍ ഹാള്‍ റോഡിലെ ഭാരത് ഹോട്ടലില്‍ (ബിടിഎച്ച്) നടന്നു. ജിസിഡിഎയും ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പും (ബികെആര്‍ജി) ഗൈഡഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് എന്ന വിഷയത്തില്‍ നടന്ന ശില്‍പ്പശാലയില്‍ ജിസിഡിഎ, ബികെആര്‍ജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ), ക്രെഡായ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു. ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റാണ് (ടിഒഡി) നഗരവികസനത്തിലെ നൂതനത്വമെന്ന് ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിച്ചു. പൊതുജന ഗതാഗത സൗകര്യങ്ങളോട് തൊഴിലിടങ്ങളും പാര്‍പ്പിടങ്ങളും മറ്റ് സേവനങ്ങളും ചേര്‍ന്നു നില്‍ക്കുന്ന ആസൂത്രണമാണ് ടിഒഡി മുന്നോട്ടു വെയ്ക്കുന്നത്. എന്നാല്‍ കൊച്ചി മെട്രോയുടെ നിര്‍മാണത്തിനു മുമ്പു തന്നെ ഇത് കണക്കിലെടുക്കേണ്ടതായിരുന്നുവെന്നും അഭിപ്രായമുയര്‍ന്നു.

പാര്‍ക്കിംഗ് സൗകര്യവും മറ്റും നല്‍കേണ്ടതിനാല്‍ കൂടുതല്‍ ഫ്‌ളോര്‍ ഏരിയ റേഷ്യോയ്ക്ക് (എഫ്എആര്‍) അനുമതി ലഭിച്ചാലും ബില്‍ഡര്‍മാരെ സംബന്ധിച്ചിടത്തോളം അത്രയും ഉയരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് ലാഭകരമല്ലാതായിരിക്കയാണെന്ന് ക്രെഡായ് പ്രതിനിധികള്‍ പറഞ്ഞു. എല്ലാ വികസനപദ്ധതികളുടേയും ആസൂത്രണഘട്ടത്തില്‍ത്തന്നെ പരിസ്ഥിതി ആഘാതം കണക്കിലെടുക്കണമെന്ന അഭിപ്രായവും ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. കൊച്ചിയില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍, ലഹരിഉപയോഗം തുടങ്ങിയവയും നഗരആസൂത്രണത്തോട് ബന്ധപ്പെടുത്തി കാണേണ്ടതും പരിഹരിക്കേണ്ടതുമാണ്. വൈറ്റില ബണ്ട് റോഡിന്റെ വികസനംപോലുള്ള വലിയ മാറ്റങ്ങളുണ്ടാക്കാന്‍ പോന്ന പ്രാദേശിക പ്രശ്‌നങ്ങളും ചിലര്‍ ഉന്നയിക്കുകയുണ്ടായി.

ടൗണ്‍ പ്ലാനിംഗ് ലെജിസ്ലേഷന്‍ സംബന്ധിച്ച രണ്ടാമെത്ത ശില്‍പ്പശാല ഇന്ന് (സെപ്തം 30) രാവിലെ 9 മുതല്‍ 1130 വപെ കളമശ്ശേരി നുവാല്‍സില്‍ നടക്കും. അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജിസിഡിഎ സെക്രട്ടറി അബ്ദുള്‍മാലിക് വി. നേതൃത്വം നല്‍കുന്ന ശില്‍പ്പശാലയില്‍ ഈ രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കും. മൂന്നാമത്തെ ശില്‍പ്പശാല അര്‍ബന്‍ ഫിനാന്‍സിംഗ് എന്ന വിഷയത്തില്‍ ക്രെഡായിയുമായിച്ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 3ന് കലൂരിലെ ക്രെഡായ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകീട്ട് 3 മണിക്കാണ് പരിപാടി. ടിഡിആര്‍, അക്കൊമോഡേഷന്‍ റിസര്‍വേഷന്‍, മുനിസിപ്പല്‍ ബോണ്ട്, പിപിപി പദ്ധതികള്‍, ബെറ്റര്‍മെന്റ് ലെവി, ലാന്‍ഡ് പൂളിംഗ് തുടങ്ങിയ വിഷയങ്ങള്‍ ഈ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യും.

ഫോട്ടോ – ബോധി 2022 നഗരവികസന കോണ്‍ക്ലേവിനു മുന്നോടിയായി ഗൈഡഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് എന്ന വിഷയത്തില്‍ ജിസിഡിഎ കൊച്ചിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ആര്‍ക്കിടെക്റ്റ് ജയ്‌ഗോപാല്‍ സംസാരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here