തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിനു പിന്നാലെ ടൂറിസ്റ്റു ബസുകളില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധന തുടരുന്നു. ഇന്ന് ഉച്ചവരെ നടത്തിയ പരിശോധനയില്‍ ബസുകളില്‍ നിയമലംഘനത്തിന് 63 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 87,000 രൂപ പിഴ ചുമത്തി. ‘ഓപറേഷന്‍ ഫോക്കസ് 3’ എന്ന പേരിലാണ് പരിശോധന.

ബസുകളിലെ ഓരോ എക്ട്രാ ഫിറ്റിംഗിനും 5000 രൂപയാണ് പിഴ ചുമത്തുന്നത്. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ബസിന്റെ ആര്‍.സി ബുക്ക്, പെര്‍മിറ്റ്, ഡ്രൈവറുടെ ലൈന്‍സ് എന്നിവ റദ്ദാക്കും.

 

മിക്ക ബസുകളിലും നിരോധിത എയര്‍ഹോണുകളും ലൈറ്റുകളും കണ്ടെത്തി. ബസുകളില്‍ ഘടിപ്പിക്കുന്ന അതീതീവ്ര പ്രകാശമുള്ള ലൈറ്റുകള്‍ അപകടമുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന വിധത്തിലാണ് ലൈറ്റിന്റെ തീവ്രത. അരകിലോമീറ്റര്‍ വരെ അകലെ ഈ പ്രകാശമെത്തും.

മോട്ടോര്‍വാഹന ചട്ടത്തിന് വിരുദ്ധമായി സ്വകാര്യ ടൂറിസ്റ്റ് ബസുകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡി.ജെ. സൗണ്ട് സിസ്റ്റം, ലേസര്‍ ലൈറ്റ് സംവിധാനങ്ങള്‍, എയര്‍ഹോണ്‍, അമിത പ്രകാശമുള്ള അധിക ഹെഡ് ലൈറ്റുകള്‍ തുടങ്ങിയവ കണ്ടെത്തി നീക്കാനായിരുന്നു ഓപ്പറേഷന്‍ ഫോക്കസ് ആരംഭിച്ചത്.പരിശോധനയില്‍ ഇവ നീക്കം ചെയ്താലും വൈകാതെ വീണ്ടും പിടിപ്പിച്ചാണ് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്. ഇത്തരം അലങ്കാരങ്ങളുടെ പേരില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ഫാന്‍സ് അസോസിയേഷനുകള്‍ വരെ സംസ്ഥാനത്തുണ്ട്. ടൂറിസ്റ്റ് ബസുകള്‍ക്ക് ദേശീയപാതയില്‍ 60-65 കിലോമീറ്ററാണ് പരമാവധി വേഗത നിശ്ചയിച്ചിട്ടുള്ളത്.

എന്നാല്‍ പല ബസുകളിലും ഇലക്ട്രോണിക്സ് സംവിധാനത്തിലുള്ള സ്പീഡ് ഗവേണറില്‍ തിരിമറി നടത്തി വേഗപരിധി മറികടക്കുകകയാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. സ്‌കൂള്‍ കുട്ടികളെ ടൂറിസ്റ്റ് ബസുകളില്‍ വിനോദയാത്രയ്ക്കു കൊണ്ടുപോകുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി തേടണമെന്ന സര്‍ക്കുലര്‍ നിലവിലുണ്ട്. സ്‌കൂള്‍ അധികൃതര്‍ ഇത് പാലിച്ചില്ലെന്നാണ് പറയുന്നത്. സ്‌കൂള്‍ വാഹനത്തിന് 50 കിലോമീറ്ററാണ് വേഗപരിധി.

LEAVE A REPLY

Please enter your comment!
Please enter your name here