Eldhose Kunnappilly. Photo courtesy: PerumbavoorMLA/ Facebook

തിരുവനന്തപുരം: പരാതി പിന്‍വലിക്കാന്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി. താനും എംഎല്‍എയും ഒരുമിച്ച് സിഐയുടെ അടുത്ത് പോയിരുന്നു. ഒത്തുതീര്‍പ്പിനാണ് പോയത്. താന്‍ പണമല്ല ആവശ്യപ്പെട്ടത്. തന്നെ ഉപദ്രവിക്കരുതെന്നാണ് പറഞ്ഞത്. പലരും ഇടപെട്ട് പല തവണ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെങ്കിലും വീണ്ടും മര്‍ദ്ദിച്ചു.

സിഐ പറഞ്ഞിട്ടാണ് ത്രിവേണി ഹോട്ടലിനു സമീപമുള്ള വക്കീലിന്റെ ഓഫീസില്‍ പോയത്. അവിടെവച്ച് ഒരു പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് താന്‍ ഇറങ്ങിയോടി. കേസ് പിന്‍വലിക്കുന്നുവെന്ന് വാട്‌സ്ആപ്പില്‍ സന്ദേശം അയക്കുന്നതായി കോവളം എസ്.എച്ച്.ഒ ആവശ്യപ്പെട്ടു.

 

സെപ്തംബര്‍ 14നാണ് കോവളത്തുവച്ച് എംഎല്‍എ തന്നെ ഉപദ്രവിച്ചത്. പോലീസിനെ അറിയിച്ചത് അത് കണ്ടുനിന്നവരാണ്. പോലീസ് എത്തിയപ്പോള്‍ ഭാര്യ ആണെന്നും പറഞ്ഞ് വാഹനത്തില്‍ കയറ്റികൊണ്ടുപോയി. പിന്നീട് തന്റെ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. എംഎല്‍എ മദ്യപിച്ചാണ് വീട്ടില്‍ വന്നത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോയതും എംഎല്‍എയാണെന്ന് യുവതി പറയുന്നു.

എംഎല്‍എയുമായി 10 വര്‍ഷത്തോളമായി പരിചയമുണ്ട്. ആദ്യം എംഎല്‍എ ആയപ്പോള്‍ അദ്ദേഹത്തിന്റെ പിഎ ആയിരുന്ന ആളുമായി തനിക്കുള്ള ബന്ധമാണ് സൗഹൃദത്തിലെത്തിച്ചത്. കഴിഞ്ഞ ജൂലായ് മുതലയാണ് എംഎല്‍എ മര്‍ദ്ദനവും ഉപദ്രവവും തുടങ്ങിയത്. കോവളത്ത് തന്നെ മര്‍ദ്ദിച്ചപ്പോള്‍ പിഎ ഡാമി പോളും സുഹൃത്ത് ജിഷ്ണുവും ഒപ്പമുണ്ടായിരുന്നു. എല്‍ദോസ് മോശം വ്യക്തിയാണെന്ന് അറിഞ്ഞതോടെയാണ് താന്‍ ഒഴിവാക്കാന്‍ ശ്രമിച്ചത്. മദ്യപിച്ച് വീട്ടില്‍ വന്ന് ബഹളം വയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്തു. തന്നെ സ്വകാര്യത ലംഘിച്ചു.

കേസ് പിന്‍വലിക്കാന്‍ എംഎല്‍എ 30 ലക്ഷം രൂപ ഓഫര്‍ ചെയ്തു. ഒത്തുതീര്‍പ്പിനായി ഒരുപാട് പേര്‍ വിളിച്ചു. ആദ്യം പെരുമ്പാവൂര്‍ മാറമ്പള്ളില്‍ നിന്ന് ഒരു സ്ത്രീയും പിന്നീട് പോലീസുകാരനാണെന്ന് പറഞ്ഞ് മറ്റൊരാളും തന്നെ വിളിച്ച ഭീഷണിപ്പെടുത്തി. പിറ്റേന്ന് എംഎല്‍എ വീട്ടില്‍ ഉപദ്രവിച്ചു. മാറമ്പള്ളിയില്‍ നിന്ന് വിളിച്ച സ്ത്രീ മുന്‍ വാര്‍ഡ് മെമ്പറാണ്. ഒത്തുതീര്‍പ്പിന് രാഷ്ട്രീയ നേതാക്കളാരും ഇടപെട്ടിട്ടില്ല. എല്‍ദോയുടെ സുഹൃത്തുക്കളാണ് ഇടപെട്ടത്. തന്നെ ഹണി ട്രാപ്പില്‍ കുടുക്കുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തി.

ഭീഷണിയെ തുടര്‍ന്ന് താന്‍ നാടുവിട്ടു പോയത്. കന്യാകുമാരി ബീച്ചീല്‍ ഇറങ്ങിയപ്പോഴാണ് അവിടുത്തെ പോലീസ് തന്നെ പിടികൂടിയത്. കടലില്‍ ചാടി ചാകാന്‍ പോയപ്പോഴാണ് പോലീസും നാട്ടുകാരും കൂടി പിടിച്ചത്. പിന്നീട് തന്നെ നാഗര്‍കോവിലിലേക്് ബസ് കയറ്റിവിട്ടു. എന്നാല്‍ ഇവിടേക്ക് വരാന്‍ ഭയമായതിനാല്‍ മധുരയിലേക്ക് പോയി. ഇതിനിടെ പോലീസ് വിളിച്ച് ഇവിടെയെത്താന്‍ നിര്‍ദേശിച്ചു.

ലൈംഗികാരോപണം ഉന്നയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. താന്‍ ‘നോ’ പറഞ്ഞിട്ടും വീട്ടില്‍ വന്ന് ഉപദ്രവിച്ചു. താന്‍ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ കൊടുത്ത മൊഴിയില്‍ ഉറച്ചുനില്‍ക്കുമെന്നും അവര്‍ പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ തന്നെ കുറിച്ച മോശം വീഡിയോയും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതേകുറിച്ച് എംഎല്‍എ തന്നെ പറയുന്ന വോയ്‌സ് തന്റെ പക്കലുണ്ടെന്ന് പറഞ്ഞ യുവതി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കേള്‍പ്പിച്ചു.

തന്റെ പരാതിക്കു പിന്നില്‍ വഞ്ചനാ കേസില്ല. താന്‍ മറ്റാരുടെ പക്കല്‍ നിന്നും പണം വാങ്ങിയല്ല ആരോപണം ഉന്നയിക്കുന്നത്. ഒരു ചാനലിനോട് സിഐ തന്റെ പേരും സ്വദേശവും പറയുന്നുണ്ട്. ഒരു ഇരയാണെന്ന് പരിഗണിക്കാതെയാണ് അദ്ദേഹം പറയുന്നതെന്നും യുവതി ആരോപിച്ചു.

പെരുമ്പാവൂരുകാരും കോണ്‍ഗ്രസുകാരും തന്നെ വലിയതോതില്‍ ഉപദ്രവിക്കുന്നുണ്ട്. അവര്‍ ഇനിയെങ്കിലും സത്യം മനസ്സിലാക്കണം. താന്‍ പെരുമ്പാവൂര്‍ സ്വദേശിനിയല്ല. തിരുവനന്തപുരത്ത് കല്യാണം കഴിച്ച് വന്നതാണ്. ഇക്കഴിഞ്ഞ ഒമ്പതിന് വരെ എംഎല്‍എ തന്നെ വിളിച്ചിരുന്നു. എല്‍ദോസ് അമിത മദ്യപാനിയാണ്. മദ്യലഹരിയിലാണ് തന്നെ ഉപദ്രവിക്കുന്നതെന്നൂം അവര്‍ പറയുന്നു.

അതേസമയം, പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എംഎല്‍എയുടെ അറസ്റ്റ് വൈകുമെന്നാണ് സൂചന. കേസിലെ പ്രാഥമിക അന്വേണത്തിനു ശേഷം അറസ്റ്റ് മതിയെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതിനിടെ, മുന്‍കൂര്‍ ജാമ്യത്തിനായി എംഎല്‍എ തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here