എറണാകുളം: അങ്കമാലിയിൽ കെ എസ് ആർ ടി സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്നും പത്തനാപുരത്തേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസും നെടുമ്പാശേരിയിൽ നിന്ന് കോഴിക്കോടേയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ലോ ഫ്ളോർ ബസുമാണ് കൂട്ടിയിടിച്ചത്.

കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് തൊട്ടുമുന്നിൽ വച്ചായിരുന്നു അപകടം. ബസ് സ്റ്റാൻഡിലേയ്ക്ക് കയറുന്നതിനിടെ എതിർദിശയിൽ നിന്നുവന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസിന്റെ പുറകിലായി ലോറിയും ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെ എസ് ആർ ടി സി ബസിലെ യാത്രക്കാരി ചില്ല് തകർന്ന് റോഡിലേയ്ക്ക് വീഴുകയായിരുന്നു.മലപ്പുറം ചെമ്മാട് സ്വദേശി സെലീന (38)യാണ് മരിച്ചത്. ചില്ല് തകർന്നതിന് പിന്നാലെ റോഡിലേയ്ക്ക് തലയിടിച്ച് വീണതാണ് മരണകാരണം. വിദേശത്തായിരുന്ന ഇവർ രാത്രിയോടുകൂടി നാട്ടിലെത്തിയതായിരുന്നു. നെടുമ്പാശേരിയിൽ നിന്ന് ലോ ഫ്ളോർ ബസിൽ കയറി മലപ്പുറത്തേയ്ക്ക് പോവുകയായിരുന്നു ഇവർ. സെലീനയുടെ രണ്ട് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.അപകടത്തിൽ മറ്റാർക്കും പരിക്കില്ല.

വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെയാണ് മറ്റൊരു സമാന രീതിയിലെ സംഭവം ഉണ്ടായിരിക്കുന്നത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് വിനോദയാത്രക്കായി പോയ വിദ്യാര്‍ഥികളുടെ ബസ് കെ എസ് ആര്‍ടി സി ബസിന്റെ പുറകിലിടിച്ച് അപകടമുണ്ടാവുകയായിരുന്നു. വടക്കഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപകനും മൂന്ന് കെ എസ് ആര്‍ ടി സി യാത്രക്കാരുമടക്കം ഒന്‍പത് പേരാണ് അപകടത്തിൽ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here