പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതികള്‍. രണ്ടുപേരെ നരബലി നടത്തിയ പ്രതികള്‍ കൂടുതല്‍ പേരെ കൊലപ്പെടുത്താന്‍ തയ്യാറെടുത്തിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നരബലിക്കുമുമ്പ്, ഇലന്തൂരിലെ വീട്ടില്‍ ജോലിക്കെത്തിയ യുവതിയേയും മറ്റൊരു ലോട്ടറി വില്‍പ്പനക്കാരിയേയും അപായപ്പെടുത്താന്‍ ശ്രമിച്ചു. കെട്ടിയിടാന്‍ ശ്രമിക്കുന്നതിനിടെ ലോട്ടറി വില്‍പ്പനക്കാരി ഓടിരക്ഷപ്പെടുകയായിരുന്നു. പത്മയുടേയും റോസ്‌ലിന്റെയും മൃതദേഹങ്ങള്‍ ശാസ്ത്രീയമായാണ് വെട്ടിമുറിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

മുന്‍പ് സ്‌കെച്ചിട്ടിരുന്ന രണ്ട് സ്ത്രീകള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ഇരകളെ പ്രതികള്‍ തേടിയിരുന്നു. പത്തനംതിട്ടയില്‍ വെച്ച് ഒരു ലോട്ടറി വില്‍പ്പനക്കാരിയെ പരിചയപ്പെട്ട ഷാഫി തിരുമ്മല്‍ കേന്ദ്രത്തില്‍ ജോലിക്ക് അവസരമുണ്ടെന്ന് ബോധ്യപ്പെടുത്തി ഇലന്തൂരിലെ ഭഗവല്‍ സിങ്- ലൈല ദമ്പതികളുടെ വീട്ടില്‍ എത്തിച്ചിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകള്‍ മുഴുവനും ഒരുമിച്ച് വാങ്ങിയാണ് സൗഹൃദം സ്ഥാപിച്ചത്.

 

മാസം 18,000 രൂപ സ്ഥിര ശമ്പളമുണ്ടെന്ന് പറഞ്ഞാണ് എത്തിച്ചത്. ആദ്യ ദിവസം ശമ്പളമായി 1000 രൂപ നല്‍കിയിരുന്നു. രണ്ടാം ദിവസം ജോലി കഴിഞ്ഞ് പോകാനൊരുങ്ങുമ്പോള്‍ ലൈലയും ഭര്‍ത്താവും ചേര്‍ന്ന് വീട്ടിലേക്ക് ക്ഷണിക്കുകയും അകത്ത് കയറിയപ്പോള്‍ ബലം പ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിടാന്‍ ശ്രമിക്കുകയുമായിരുന്നു. കുതറിയോടിയ യുവതി പിന്നീട് വീടിന് പുറത്തെത്തി സുഹൃത്തായ ഒരു ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി രക്ഷപ്പെടുത്തുകയായിരുന്നു.

 

പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേരെ കൊലപ്പെടുത്തിയതിന് സമാനമായി മറ്റ് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഷാഫിയില്‍ നിന്ന് പോലീസ് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. നിരവധി പേരെ ലക്ഷ്യമിട്ടിരുന്നവെന്ന ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് യുവതികളിലേക്ക് പോലീസ് എത്തിയത്. രണ്ടാമത്തെ യുവതി പന്തളം സ്വദേശിനിയാണ്. വീട്ടുജോലിക്ക് എത്തിയ ഇവരോട് ലൈലയും ഭര്‍ത്താവും ലൈംഗിക ചുവയോടെ സംസാരിച്ചതില്‍ സംശയം തോന്നി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here