ഇലന്തൂര്‍: ഇലന്തൂരില്‍ കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ രണ്ടാംപ്രതി ഭഗവല്‍ സിങ്ങിന്റെ വീടും പരിസരവും പോലീസ് അരിച്ചുപെറുക്കി. മൃതദേഹാവശിഷ്ടങ്ങള്‍ മണത്തറിയാന്‍ കഴിവുള്ള രണ്ട് പോലീസ് നായകളുമായി നാലര മണിക്കൂര്‍ പരിശോധന നടത്തിയെങ്കിലും കൂടുതലായി ഒന്നും കണ്ടെത്തിയില്ല. ഇവിടെ കൂടുതല്‍ മൃതദേഹങ്ങള്‍ ഇല്ലെന്നാണ് പോലീസ് കരുതുന്നത്.

 

കൊലപാതകങ്ങള്‍ നടന്ന വീടിനുള്ളില്‍ കൊച്ചിയില്‍ നിന്നുള്ള ഫൊറന്‍സിക് സംഘവും വിശദ പരിശോധന നടത്തി. മുറികളിലും ഫ്രിഡ്ജിലും രക്തക്കറ കണ്ടെത്തി. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ വീടിന് മുന്നിലെ തിരുമ്മുശാലയില്‍നിന്ന് കണ്ടെടുത്തു. നാല് കറിക്കത്തിയും ഒരു വെട്ടുകത്തിയുമാണ് കിട്ടിയത്. ആയുധങ്ങളില്‍ പ്രതികളുടേതെന്ന കരുതുന്ന വിരലടയാളങ്ങളും ഉണ്ടായിരുന്നു.

 

കൊലപാതകം നടത്തിയത് എങ്ങനെയെന്ന് ഡമ്മിയില്‍ ഭഗവല്‍ സിങ് പോലീസിന് കാണിച്ചു കൊടുത്തു. സ്ത്രീരൂപത്തിലുള്ള ഡമ്മിയാണ് ഉപയോഗിച്ചത്. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവല്‍ സിങ്, മൂന്നാം പ്രതിയും ഭഗവല്‍ സിങ്ങിന്റെ ഭാര്യയുമായ ലൈല എന്നിവരുമായാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലിന് കടവന്ത്ര പോലീസ് ഇലന്തൂരിലെ കടകംപള്ളില്‍ വീട്ടില്‍ തെളിവെടുപ്പിനെത്തിയത്.

 

മനുഷ്യമാംസം വേവിച്ചെന്ന് ലൈലയുടെ മൊഴി

ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതിയായ ലൈല മനുഷ്യമാംസം വേവിച്ചെന്ന് മൊഴിനല്‍കിയതായി വിവരം. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. കൊല്ലപ്പെട്ട റോസ്ലിന്‍, പദ്മം എന്നിവരുടെ 10 കിലോയോളം ശരീരഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നെന്നും ഇവര്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. ഇലന്തൂരില്‍ നരബലി നടന്ന ഭഗവല്‍സിങ്ങിന്റെ വീടിനുള്ളില്‍ നടത്തിയ അന്തിമ തെളിവെടുപ്പിനിടെയാണ് ഈ മൊഴി.

ഫ്രിഡ്ജിനുള്ളില്‍ രക്തക്കറ കണ്ടപ്പോള്‍ എങ്ങനെയാണ് ഇതുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചു. അത് മനുഷ്യമാംസം വെച്ചതിന്റേതാണെന്നായിരുന്നു ലൈലയുടെ മറുപടി. മനുഷ്യമാംസം വേവിക്കാന്‍ ഉപയോഗിച്ച പാത്രങ്ങളും ലൈലതന്നെ ചൂണ്ടിക്കാണിച്ചു. ഇത് നിങ്ങള്‍ തിന്നോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഷാഫിയുടെ മറുപടി.

ഭഗവല്‍സിങ്ങ് ഇത് കഴിക്കാന്‍ വിസമ്മതിച്ചു. ഇത് അയാളുടെ വായില്‍ തിരുകിവെച്ചെങ്കിലും തുപ്പിക്കളഞ്ഞെന്ന് ലൈല പറഞ്ഞതായാണ് വിവരം. വീടിന് പടിഞ്ഞാറുഭാഗത്തെ മുറിയിലുള്ള മേശ പോസ്റ്റുമോര്‍ട്ടം ടേബിളിന് സമാനമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ വെട്ടിമുറിക്കാന്‍വെച്ച തടിക്കഷണവും കണ്ടെത്തിയിട്ടുണ്ട്.

തെളിവെടുപ്പിനിടെ പ്രതിഷേധം

പ്രതികളുമായി പോലീസ് ഇലന്തൂരിലേക്കെത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ബി.ജെ.പി. പ്രവര്‍ത്തകര്‍ വാഹനത്തിനടുത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ലാത്തിവീശി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. ഡി.വൈ.എഫ്.ഐ. ഇലന്തൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ പ്രതിഷേധയോഗം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here