തിരുവനന്തപുരം∙ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെ കേരളത്തിലെ തെക്കൻ കേരളത്തിലെ രാഷ്ട്രീക്കാരെ വിശ്വസിക്കാൻ കൊളളില്ലെന്ന് ധ്വനിയില്‍ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമര്‍ശം വിവാദത്തില്‍. മലബാറിലെ നേതാക്കൾ സത്യസന്ധരും ധൈര്യമുളളവരുമാന്നെും തെക്കുനിന്ന് ഉള്ളവരുമായി അവർക്ക് ചരിത്രപരമായ വ്യത്യാസമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

എന്നാല്‍ പരാമര്‍ശം വിവാദമായപ്പോള്‍ ഒരു നാടന്‍ കഥ പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും, ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

 

രാമായണകഥയെ പരിഹസിച്ച് പരാമർശിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. ‘താന്‍ ഒരു കഥ പറയാം. രാവണവധത്തിനുശേഷം ലങ്കയില്‍ നിന്നും രാമനും, ലക്ഷ്മണനും, സീതയും പുഷ്പക വിമാനത്തില്‍ മടങ്ങുകയായിരുന്നു. പുഷ്പക വിമാനം കേരളത്തിന്റെ തെക്കന്‍ ഭാഗത്തിന് മുകളിലൂടെ പോകുമ്പോള്‍ ലക്ഷ്മണന് രാമനെ വിമാനത്തില്‍ നിന്നും തള്ളിയിട്ട് സീതയെയും കൊണ്ട് കടന്നുകളഞ്ഞഞാലോ എന്ന ചിന്ത വന്നു. എന്നാല്‍ തൃശ്ശൂരിന് മുകളില്‍ എത്തിയപ്പോള്‍ ലക്ഷ്മണന് ആ ചിന്ത ഇല്ലാതായി. ലക്ഷ്മണന് പശ്ചാത്താപം തോന്നി. അപ്പോള്‍ രാമന്‍ അനുജന്‍റെ തോളില്‍ പിടിച്ച് പറഞ്ഞു. ഞാന്‍ നിന്റെ മനസ് വായിച്ചു. അത്തരം ആലോചന നിന്റെ തെറ്റ് അല്ല, മറിച്ച് നമ്മള്‍ സഞ്ചരിച്ച് വന്ന മണ്ണിന്റെ പ്രശ്നമാണ്.’ ഈ കഥയാണ് തെക്കൻ കേരളത്തിലെ നേതാക്കളും വടക്കൻ കേരളത്തിലെ നേതാക്കളും തമ്മിലുളള വ്യത്യാസത്തെ കുറിച്ച് പറയാൻ കെ സുധാകരൻ ഉദ്ധരിച്ചത്.
വടക്കും തെക്കും താരതമ്യം ചെയ്ത് സുധാകരന്‍ നടത്തിയ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ പ്രതികരിച്ചു. കേരളത്തിലെ ഒരു സ്ഥലവും മറ്റൊരിടത്തെക്കാള്‍ മെച്ചമാണ് അവിടുത്തെ ജനങ്ങള്‍ മികവുറ്റതാണ് മറ്റേത് മോശമാണ് എന്ന രീതിയില്‍ സംസാരിക്കുന്ന രാഷ്ട്രീയം ഏത് അര്‍ത്ഥത്തിലാണെങ്കിലും ബഹിഷ്‌കരിക്കപ്പെടേണ്ട രാഷ്ട്രീയമാണെന്നും മന്ത്രി പറഞ്ഞു.

സുധാകരന്റെ പരാമർശത്തിനെതിരെ മന്ത്രി വി.ശിവൻകുട്ടിയും രാജ്യസഭാ എംപി ജോൺ ‍ബ്രിട്ടാസും രംഗത്തെത്തി. ‘ശ്രീമാൻ കെ.സുധാകരൻ, തെക്കും വടക്കുമല്ല പ്രശ്നം, മനുഷ്യഗുണമാണ് വേണ്ടത്’ എന്ന് വി.ശിവൻകുട്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ബ്രിട്ടാസിന്റെ പോസ്റ്റ്:

ചോദ്യം : തെക്കൻ കേരളത്തിലെയും മലബാറിലെയും രഷ്ട്രീയക്കാർ എത്രകണ്ട് വ്യത്യസ്തരാണ് ?
ഉത്തരം : അതെ , അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട് . ഞാനൊരു കഥ പറയാം. രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തിൽ ഭാര്യ സീതക്കും സഹോദരൻ ലക്ഷ്മണനും ഒപ്പം ലങ്കയിൽ നിന്ന് രാമൻ മടങ്ങുകയാണ് . കേരളത്തിന്റെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോൾ ..ലക്ഷ്മണൻ ആലോചിച്ചു …രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന് . അപ്പോഴേക്കും വിമാനം തൃശൂർ എത്തുകയും ലക്ഷ്മണന്റെ മനസ്സ് മാറുകയും ചെയ്തു . മാത്രമല്ല അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടായി. രാമനാകട്ടെ അവന്റെ തോളത്തു തട്ടി പറഞ്ഞു .. “അതെ , നിന്റെ മനസ്സ് ഞാൻ വായിച്ചു . നിന്റെ കുറ്റമല്ല , നമ്മൾ കടന്നു വന്ന നാടിന്റെ പ്രശ്നമാ ..” ( ചിരിക്കുന്നു ).
വരട്ടെ … ഇത് ഞാൻ പറഞ്ഞ കഥയല്ല . …ഇതിലൊരു വാക്ക് പോലും എന്റെയല്ല ..
ഇതിനോട് യോജിക്കുന്നുമില്ല ..
സാക്ഷാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഒരു പത്രത്തിന് ( The New Indian Express) നൽകിയ അഭിമുഖത്തിൽ നിന്നുള്ളതാണിത് . കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് തന്റെ കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നതാണ് ഭംഗി

LEAVE A REPLY

Please enter your comment!
Please enter your name here