സില്‍ഹത്ത്‌ (ബംഗ്ലാദേശ്‌): പ്രതീക്ഷിച്ചതു പോലെ തന്നെ വനിതകളുടെ ഏഷ്യാ കപ്പ്‌ ട്വന്റി20 ക്രിക്കറ്റ്‌ ഫൈനല്‍ ഏകപക്ഷീയമായിരുന്നു. ടോസ്‌ നേടിയ ചാമരി അട്ടപ്പാട്ടു ബാറ്റിങ്‌ തെരഞ്ഞെടുക്കാന്‍ വൈകിയില്ല. മൂന്നാം ഓവറില്‍ തന്നെ ചാമരി (12 പന്തില്‍ ആറ്‌ ) റണ്ണൗട്ടായി. അനുഷ്‌ക സഞ്‌ജീവനിയുടെ ഇല്ലാത്ത റണ്ണിനുള്ള ഓട്ടമാണു നായിക പുറത്താകാന്‍ കാരണം.
ഷോര്‍ട്ട്‌ മിഡ്‌വിക്കറ്റില്‍ ഫീല്‍ഡ്‌ ചെയ്‌തിരുന്ന പൂജാ വസ്‌ത്രാകറുടെ ത്രോ വിക്കറ്റ്‌ കീപ്പര്‍ റിച്ച ഘോഷിന്റെ കൈയിലെത്തുമ്പോള്‍ ചാമരി ക്രീസിന്‌ ഏറെ അകലെയായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഹര്‍ഷിത സമരവിക്രമെ (ഒന്ന്‌) രേണുക സിങ്ങിന്റെ പന്തില്‍ റിച്ചയ്‌ക്കു പിടി കൊടുത്തു. തൊട്ടടുത്ത പന്തില്‍ അനുഷ്‌ക സഞ്‌ജീവനി (നാല്‌ പന്തില്‍ രണ്ട്‌) റണ്ണൗട്ടായി. പൂജയുടെ ത്രോ തന്നെ വീണ്ടും ലങ്കയ്‌ക്കു വിനയായി. അടുത്ത പന്തില്‍ ഹസിനി പെരേര (0) സ്‌മൃതി മന്ദാനയുടെ കൈയിലെത്തിച്ചതോടെ തുടര്‍ച്ചയായി മൂന്ന്‌ പന്തുകളില്‍ വിക്കറ്റ്‌ വീണു. പൊരുതാന്‍ ശ്രമിച്ച നിലാക്ഷി ഡി സില്‍വ (എട്ട്‌ പന്തില്‍ ആറ്‌) രാജേശ്വരി ഗെയ്‌ക്വാദിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. കവിഷ ദില്‍ഹരി (ഒന്ന്‌) രേണുകയുടെ ഇരയായി. അതോടെ ലങ്ക അഞ്ചിന്‌ 16 റണ്ണെന്ന നിലയിലായി. ഓഷധി രണസിങെയാണ്‌ (13) രണ്ടക്കം കടന്ന ആദ്യ താരം. മാല്‍ഷ ശേഹാനി (0), സുഗന്ധിക കുമാരി (ആറ്‌) എന്നിവരെ പുറത്താക്കിയ സ്‌നേഹ്‌ റാണ ലങ്ക 100 കടക്കില്ലെന്ന്‌ ഉറപ്പാക്കി. ഓഷധിയെ ഗെയ്‌ക്വാദ്‌ പുറത്താക്കുമ്പോള്‍ അവര്‍ എട്ടിന്‌ 32 റണ്ണെന്ന നിലയിലായിരുന്നു. 22 പന്തില്‍ 18 റണ്ണുമായിനിന്ന ഇനോക രണവീരയും 13 പന്തില്‍ ആറ്‌ റണ്ണുമായിനിന്ന അചിനി കുലസൂര്യയും ടീം ഔള്‍ഔട്ടാകില്ലെന്ന്‌ ഉറപ്പാക്കി.
ലങ്കന്‍ ബാറ്റര്‍ വിറച്ച പിച്ചില്‍ ഷഫാലി വര്‍മയും (എട്ട്‌ പന്തില്‍ അഞ്ച്‌) സ്‌മൃതി മന്ദാനയും (25 പന്തില്‍ മൂന്ന്‌ സിക്‌സറും ആറ്‌ ഫോറുമടക്കം പുറത്താകാതെ 51) ചേര്‍ന്നു മികച്ച തുടക്കം നല്‍കി. നാലാം ഓവറില്‍ ഇനോക രണവീര ഷഫാലിയെ പുറത്താക്കുമ്പോള്‍ ഇന്ത്യ ലക്ഷ്യത്തിന്റെ പകുതി ദൂരം പിന്നിട്ടിരുന്നു. രണ്ട്‌ റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ജമീമ റോഡ്രിഗസും (നാല്‌ പന്തില്‍ രണ്ട്‌) മടങ്ങി. മന്ദാനയും നായിക ഹര്‍മന്‍പ്രീത്‌ കൗറും (14 പന്തില്‍ 11) ചേര്‍ന്നു കൂടുതല്‍ നഷ്‌ടങ്ങള്‍ കൂടാതെ ഇന്ത്യ കിരീടത്തിലെത്തിച്ചു.
രണസിങെ എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്ത്‌ സിക്‌സറടിച്ചാണ്‌ മന്ദാന തന്റെ അര്‍ധ സെഞ്ചുറിയും ടീമിന്റെ വിജയ റണ്ണും കുറിച്ചത്‌. 2004 മുതല്‍ 2016 വരെ നടന്ന ആറ്‌ ടൂര്‍ണമെന്റിലും ഇന്ത്യക്കായിരുന്നു കിരീടം. 2018 ല്‍ ഫൈനലില്‍ കടന്നെങ്കിലും ബംഗ്ലാദേശിനോടു തോറ്റു. ചാമ്പ്യന്‍ഷിപ്പിലാകെ 94 റണ്ണും 13 വിക്കറ്റുമെടുത്ത ദീപ്‌തി ശര്‍മ പ്ലേയര്‍ ഓഫ്‌ ദ സീരീസായി.

LEAVE A REPLY

Please enter your comment!
Please enter your name here