പത്തനംതിട്ട : നരബലിക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും. അവയവങ്ങൾ സൂക്ഷിച്ചത് മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ നിർദേശപ്രകാരമാണെന്നാണ് ഇവരുടെ മൊഴി. അവയവങ്ങൾ വിൽക്കാമെന്ന് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം. അവയവങ്ങൾ വാങ്ങുന്നതിനായി ബെംഗളൂരുവിൽനിന്ന് ആളെത്തുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം.

പ്രതികളുടെ മൊഴികൾ‌ സ്ഥിരീകരിക്കാൻ അന്വേഷണ സംഘം ശ്രമം തുടരുകയാണ്. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങളിലും ചില ആന്തരിക അവയവങ്ങൾ ഇല്ലെന്ന് പൊലീസ് വെളിപ്പെടുത്തി. ആന്തരിക അവയവങ്ങൾ മുറിച്ചു മാറ്റിയെന്നും പിന്നീട് കുഴിയിൽ നിക്ഷേപിച്ചെന്നുമാണ് പ്രതികൾ പറയുന്നത്.

പത്മയുടെ മൃതദേഹം സംസ്കരിക്കും മുൻപ് അവയവങ്ങൾ വേർപ്പെടുത്തിയത് ശാസ്ത്രീയ രീതിയിലാണെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ നിഗമനം. മനുഷ്യ ശരീരത്തിലെ എളുപ്പം വേർപെടുത്താവുന്ന സന്ധികൾ ഏതെല്ലാമെന്നു മനസ്സിലാക്കിയാണു കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവർക്കു മാത്രമാണ് ഇതിനു കഴിയുക.‌

രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്ങിനും ഭാര്യ ലൈലയ്ക്കും ഇത്തരത്തിൽ അവയവങ്ങൾ വേർപെടുത്താനുള്ള കഴിവുണ്ടെന്നു പൊലീസ് കരുതുന്നില്ല. മൃതദേഹം 56 ഭാഗങ്ങളാക്കി സംസ്കരിച്ചത് ഒന്നാം പ്രതി ഷാഫിയാണെന്നാണു മൊഴിയെങ്കിലും ഇക്കാര്യം പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here