വീടിന്റെ അന്തരീക്ഷവും ആശുപത്രിയുടെ സൗകര്യങ്ങളും ലഭ്യമാക്കുന്ന പാലിയേറ്റീവ് കെയറിന്റെ ആശയങ്ങള്‍ പിന്തുടരുന്ന കേന്ദ്രമായിരിക്കും ആല്‍ഫ ഹോസ്പീസെന്ന് ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍

തൃശൂര്‍ ജില്ലയിലെ എടമുട്ടത്ത് സ്ഥാപിക്കുന്ന ഹോസ്പീസിന്റെ നിര്‍മാണം ഡിസംബറിലാരംഭിക്കും; ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യം

തൃശൂര്‍: പാലിയേറ്റീവ് കെയര്‍ രംഗത്തെ പ്രമുഖ സേവന ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയര്‍ കാന്‍സര്‍ രോഗികള്‍ക്കും ദീര്‍ഘകാല പരിചരണം വേണ്ട ചലനശേഷി പരിമിതപ്പെട്ടവര്‍ക്കുമായി 144 മുറികളും വിപുലമായ മറ്റു സൗകര്യങ്ങളുമുള്ള കിടത്തിചികിത്സ ലഭ്യമാക്കുന്ന ആധുനിക ഹോസ്പീസിന്റെ നിര്‍മാണ പ്രഖ്യാപനം നടത്തി. തൃശൂര്‍ സംഗീത നാടക അക്കാദമി റീജ്യണല്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപനാണ് നിലവിളക്കു കൊളുത്തി പ്രഖ്യാപനം നടത്തിയത്. ആല്‍ഫയുടെ ഡയാലിസിസ് കേന്ദ്രവും കെയര്‍ ഹോമും സന്ദര്‍ശിച്ച അനുഭവം പങ്കിട്ടുകൊണ്ടായിരുന്നു ഡെപ്യൂട്ടി മേയര്‍ ഉദ്ഘാടനപ്രസംഗം നടത്തിയത്. തീവ്രമായ രോഗം ബാധിച്ചവര്‍ക്ക് അവസാന ആശ്രയമായാണ് അവിടെ കണ്ടവരും കുടുംബാംഗങ്ങളും ആല്‍ഫയെ കാണുന്നതെന്ന് തന്നോടു തുറന്നുപറഞ്ഞെന്നും ആല്‍ഫ ഉണ്ടായിരുന്നില്ലെങ്കില്‍ അവരില്‍ പലരും ലോകത്തുതന്നെ ഉണ്ടാകില്ലായിരുന്നുവെന്ന അവരുടെ തുറന്നുപറച്ചില്‍ മാത്രം മതി ആല്‍ഫ എന്ന പ്രസ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കാനെന്നും അവര്‍ പറഞ്ഞു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ഹോസ്പീസിന്റെ ബ്രോഷര്‍ പ്രകാശനം ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍ പ്രസിഡന്റ് സി.എ.സലിം നിര്‍വഹിച്ചു. പ്രോജക്ട് റിപ്പോര്‍ട്ടിന്റെ പ്രകാശനം സിനിമ-സീരിയല്‍ താരം ആനന്ദും കിടത്തിചികിത്സാ സ്പോണ്‍സര്‍ഷിപ്പിനുള്ള ആരുഷ് ക്ലബിന്റെ മെംബര്‍ഷിപ്പ് ഫോമിന്റെ പ്രകാശനം ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് ജയിംസ് വളപ്പിലയും ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ.എ.കദീജാബിയും ചേര്‍ന്ന് നിര്‍വഹിച്ചു.

ഹേസ്പീസ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇപ്പോള്‍ തന്നെ ഫിസിയോ തെറാപ്പി നല്‍കുന്ന പുനര്‍ജനി പദ്ധതിയില്‍ കിടത്തിചികിത്സയ്ക്കായി 98 പേര്‍ വെയ്റ്റിംഗ് ലിസ്റ്റിലാണെന്നും ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തൃശൂര്‍ ജില്ലയിലെ എടമുട്ടത്ത് സ്ഥാപിക്കുന്ന ഹോസ്പീസിന്റെ നിര്‍മാണം ഡിസംബറിലാരംഭിക്കുമെന്നും ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വീടുകളില്‍ അന്ത്യകാലം ചെലവിടാനുള്ള അവസരമാണ് 49 വാഹനങ്ങളുപയോഗിച്ച് ആല്‍ഫ നല്‍കുന്ന ഹോം കെയറിലൂടെ സാധ്യമാകുന്നതെന്നും എന്നാല്‍ മരണപ്പെടുന്നവരില്‍ 11 ശതമാനം പേര്‍ ആശുപത്രികളെ ആശ്രയിക്കുന്നുണ്ടെന്നും അവിടെ അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ട പാലിയേറ്റീവ് പരിചരണത്തിനു പകരം ഐ.സി.യു, വെന്റിലേറ്റര്‍ ചികിത്സകളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വീടിന്റെ അന്തരീക്ഷവും ആശുപത്രിയുടെ സൗകര്യങ്ങളും ലഭ്യമാക്കുന്ന പാലിയേറ്റീവ് കെയറിന്റെ ആശയങ്ങള്‍ പിന്തുടരുന്ന കേന്ദ്രമായിരിക്കും ആല്‍ഫ ഹോസ്പീസ് എന്നും അദ്ദേഹം വിശദീകരിച്ചു. അതിനാല്‍ തന്നെ എത്രയും വേഗം ഹോസ്പീസ് യാഥാര്‍ത്ഥ്യമാക്കുകയാണ് ഉദ്ദേശ്യമെന്നും അതിന് സമൂഹത്തിന്റെ മുഴുവന്‍ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിനായി റൂമുകള്‍, ട്രീറ്റ്മെന്റ് ബെഡ് സ്പേസ്, ഫാമിലി ട്രീ ടൈല്‍, ഫാമിലി ടൈല്‍, പേഷ്യന്റ് സ്പോണ്‍സര്‍ഷിപ്പ് ടൈല്‍, കിടത്തിചികിത്സ സ്പോണ്‍സര്‍ ചെയ്യുന്നവരുടെ കൂട്ടായ്മ- ആരുഷില്‍ അംഗമാകുന്നതിനുള്ള അവസരം എന്നിങ്ങനെ സ്‌കീമുകളും അവതരിപ്പിക്കപ്പെട്ടു. ഹോസ്പീസ് എക്സിക്യുട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ് ബാബു പാനികുളം സ്വാഗതവും സെക്രട്ടറി റഷീദ് ആതിര നന്ദിയും പറഞ്ഞു.

ഹോസ്പീസിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും സാമ്പത്തിക സമാഹണത്തെക്കുറിച്ചുള്ള ചര്‍ച്ചകളുമായിരുന്നു ആദ്യ സെഷനില്‍. ആല്‍ഫയുടെ 4 ജില്ലകളിലെ 18 കേന്ദ്രങ്ങളില്‍നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരും സ്റ്റാഫും പ്രത്യേകം ക്ഷണിക്കപ്പെട്ട അഭ്യുദയകാംക്ഷികളും പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. തുടര്‍ന്നായിരുന്നു ഉദ്ഘാടന സെഷന്‍. 144 മുറികളും അനുബന്ധ സൗകര്യങ്ങളുമായി പ്രകൃതി രമണീയമായ അന്തരീക്ഷത്തിലുള്ള ഹോസ്പീസിനാണ് രൂപം നല്‍കിയിട്ടുള്ളതെന്ന് ചെയര്‍മാന്‍ കെ.എം.നൂര്‍ദീനും ആര്‍ക്കിടെക്ട് ഷാരോണ്‍ കുരിയനും പ്രോജക്ട് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് എം.എം. സുര്‍ജിത് എ്ന്നിവര്‍ വിവിധ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്തി.

 

 

ഫോട്ടോ ക്യാപ്ഷന്‍:

ആല്‍ഫ ഹോസ്പീസ് പ്രഖ്യാപനം നിലവിളക്കുകൊളുത്തി തൃശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ നിര്‍വഹിക്കുന്നു. ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍, സിനിമ -സീരിയല്‍ താരം ആനന്ദ്, ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍ പ്രസിഡന്റ് സി.എ.സലിം, ലയണ്‍സ് ഡിസ്ട്ര്ക്ട് വൈസ് പ്രസിഡന്റ് ജയിംസ് വളപ്പില, ആല്‍ഫ ഹോസ്പീസ് പ്രസിഡന്റ് ബാബു പാനികുളം, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് എം.എം. സുര്‍ജിത്, ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ വി.ജെ.തോംസണ്‍, കെ.എ.കദീജാബി, ഹോസ്പീസ് സെക്രട്ടറി റഷീദ് ആതിര എന്നിവര്‍ വേദിയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here