ന്യുഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍. കേസില്‍ പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത് രാഷ്ട്രീയ പ്രേരണയോടെയല്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസിന്റെ വിചാരണ കേരളത്തില്‍നിന്ന് ബെംഗളുരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇ.ഡി സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്തത്. സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ചെയ്തത് രാഷ്ട്രീയ താത്പര്യത്തോടെയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തെ ഡെപ്യുട്ടി ഡയറക്ടര്‍ ദേവ് രഞ്ചന്‍ മിശ്രയാണ് മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്തത്. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റുന്നതിനെ സര്‍ക്കാരും ശിവശങ്കറും എതിര്‍ത്തിരുന്നു.

 

ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം സ്വന്തന്ത്ര ജുഡീഷ്യല്‍ ഫോറത്തിന് മുമ്പാകെയാണ് സ്വപ്‌ന സുരേഷ് രഹസ്യ മൊഴി നല്‍കിയത്. ഇതില്‍നിന്നുതന്നെ മൊഴി മറ്റാരുടെയും സ്വാധീനത്താല്‍ അല്ല നല്‍കിയതെന്ന് വ്യക്തമാണെന്ന് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എം. ശിവശങ്കര്‍ ഉന്നയിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here