റിപ്പോർട്ട് തേടിയത്  22 മാസങ്ങൾക്ക് ശേഷം 
 
എടത്വ:മുഖ്യമന്ത്രിയുടെ  ഓഫിസിൽ നിവേദനം നല്കിയതിൻ്റെ 22 മാസങ്ങൾ പിന്നിട്ടപ്പോൾ പരാതിയിന്മേൽ അന്വേഷണം നടത്തി  വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ ‘അടിയന്തിര ‘ നോട്ടിസ്.
 
മുപ്പത്തിനാലിൽ പടി – കാട്ടുനിലം പള്ളി റോഡിന് സംരക്ഷണഭിത്തിയും ഇടിഞ്ഞ് പോയ പാലത്തിൻ്റെ അപ്രോച്ച് അടിയന്തിരമായി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട്  2021 ജനുവരി 7ന് ആണ് പൊതുപ്രവർത്തകൻ  ഡോ.ജോൺസൺ വി. ഇടിക്കുള മുഖ്യമന്ത്രിക്കും അന്ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന  ജി.സുധാകരനും 
നിവേദനം നല്കിയിരുന്നു.
 
നിവേദനത്തെ തുടർന്ന് ഉടൻ തന്നെ  മുഖ്യമന്ത്രിയുടെയും   പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും  
 ആഫീസ് ഇടപെടുകയും കലുങ്കിൻ്റെ സമീപം ഇടിഞ്ഞു പോയ സംരംക്ഷണഭിത്തി കെട്ടി അപകടം ഒഴിവാക്കുകയും ചെയ്തു.
 
ഇതെല്ലാം സംഭവിച്ചിട്ടും അടിയന്തിര നടപടി സ്വീകരിക്കുന്നതിന്  പഞ്ചായത്ത്  ഡയറക്ടറുടെ  കാര്യാലയത്തിൽ നിന്നും  പഞ്ചായത്ത് അസിസ്റ്റൻ്റ്  ഡയറക്ടറുടെ ഓഫിസിലേക്ക് ഫയൽ നിങ്ങുന്നതിന് മാത്രം  22 മാസം വേണ്ടി വന്നു. 2022 ഒക്ടോബർ 18ന് പഞ്ചായത്ത് അസിസ്റ്റൻ്റ്  ഡയറക്ടറുടെ ഓഫിസിൽ ലഭിച്ച കത്ത് പ്രകാരം  എടത്വ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനുള്ളിൽ  സമർപ്പിക്കുവാൻ 2022  ഒക്ടോബർ 21ന് നോട്ടീസ് അയച്ചിരിക്കുകയാണ്.ഇന്നലെ പരാതിക്കാരനായ ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്കും നോട്ടീസിൻ്റെ പകർപ്പ് ലഭിച്ചപ്പോൾ ആണ് സർക്കാർ ഓഫീസുകളിലെ നടപടിക്രമങ്ങളിലെ കാലതാമസം മനസ്സിലാക്കിയത്.
 
തലവടി പഞ്ചായത്തിലെ 12,13,11 വാർഡുകളെയും എടത്വ  പഞ്ചായത്തിലെ വാർഡി 8 നെയും ബന്ധിപ്പിക്കുന്ന മുപ്പത്തിനാലിൽ പടി – കാട്ടുനിലം പള്ളി  റോഡിൽ നിത്യസഹായ മാതാ മലങ്കര കാതോലിക്ക പള്ളി കുരിശടിക്ക് സമീപമുള്ള  
കലുങ്കിൻ്റെ സമീപ സംരംക്ഷണ ഭിത്തി  കഴിഞ്ഞ വർഷം ജനുവരിയിൽ ആണ് നദിയിലേക്ക്  ഇടിഞ്ഞ്  താഴ്ന്നിരുന്നത്. മാധ്യമങ്ങളിൽ വന്ന വാർത്തയും ഫോട്ടോയും ഉൾപ്പെടെയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്കിയത്.ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നിർമ്മാണം മനോഹരമായി പൂർത്തിയാക്കിയെങ്കിലും ഈ റോഡിൻ്റെ ഇരുവശങ്ങളിലായി നദിയും നെൽപാടങ്ങളും ആണ്. എടത്വ ഭാഗത്ത് നിന്നും നിരണം മാവേലിക്കര ഭാഗത്തേക്കും മാവേലിക്കരയിൽ നിന്നും എടത്വാ, തകഴി, ആലപ്പുഴയിലേക്കും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് വരുന്നത്.റോഡിൻ്റെ വശങ്ങളിലായി സംരംക്ഷണ ഭിത്തി ഇല്ലാത്തതിനാൽ പല അപകടങ്ങളും സംഭവിക്കുന്നുണ്ട്.
 
ഇടിഞ്ഞ് താഴ്ന്ന കലുങ്കിൻ്റെ സമീപ സംരംക്ഷണ ഭിത്തി ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു.റോഡിൻ്റെ വശങ്ങളിലായി സംരംക്ഷണഭിത്തി ഇനിയും നിർമ്മിക്കേണ്ടിയിരിക്കുന്നു.
2021 ജനുവരിയിൽ തന്നെ  മുഖ്യമന്ത്രിയുടെ ഓഫീസ് യഥാസമയം നടപടി സ്വീകരിച്ചിട്ടും ഫയലുകൾ നീങ്ങുന്നതിന് ഉണ്ടായ കാലതാമസത്തെ പറ്റി വീണ്ടും മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.
 
 
ഫോട്ടോ: സംരംക്ഷണ ഭിത്തി ഇല്ലാത്ത അപകടാവസ്ഥയിലുള്ള എടത്വ – കാട്ടുനിലം പള്ളി റോഡ്.

LEAVE A REPLY

Please enter your comment!
Please enter your name here