കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി ജനസംഖ്യയിൽ കാര്യമായ കുറവ് വന്നതായി കണക്കുകൾ. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷക്കാലയളവിനുള്ളിൽ 3.82 ലക്ഷത്തിലധികം പ്രവാസികൾ രാജ്യം വിട്ട് പോയിട്ടുണ്ട്. നാഷനല്‍ ബാങ്ക് ഓഫ് കുവൈറ്റിന്‍റെ പുതിയ സാമ്പത്തിക റിപ്പോര്‍ട്ടിലും 11.4 ശതമാനം പ്രവാസികളുടെ എണ്ണത്തിൽ കുറവ് വന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുവൈറ്റ് വിട്ട് പോയ വിദേശികളിൽ മുൻപന്തിയലുള്ളത് ഇന്ത്യക്കാരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

1.53 ലക്ഷം ഇന്ത്യക്കാരാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കുവൈറ്റിൽ നിന്നും പുറത്ത് പോയത്. കുവൈറ്റിൽ ആകെയുള്ള ഇന്ത്യക്കാരിൽ 15 ശതമാനത്തോളമാണ് ഇതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 22 ശതമാനമുണ്ടായിരുന്ന ഇന്ത്യക്കാരുടെ എണ്ണം നിലവിൽ 19 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ഇന്ത്യക്കാർ കഴിഞ്ഞാൽ ഈജിപ്തിൽ നിന്നുള്ലവരുടെ എണ്ണത്തിലാണ് കൂടുതൽ കൊഴിഞ്ഞ് പോക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ലത്. 58,000 ഈജിപ്തുകാരാണ് കുവൈറ്റ് വിട്ടു പോയിട്ടുള്ലത്. ഈജിപ്തിലെ പ്രവാസി ജനസംഖ്യയിലെ ഒമ്പത് ശതമാനമാണ് ഈ കാലയളവിൽ കുറഞ്ഞത്.

കൊവി‌ഡിന് ശേഷം നിരവധി ഇന്ത്യക്കാർ കുവൈറ്റിൽ നിന്ന് മറ്റു രാജ്യങ്ങളിലേയ്ക്ക് പ്രവേശിച്ചതും ചിലർ പ്രവാസ ജീവിതം തന്നെ അവസാനിപ്പിച്ചതുമാണ് കൊഴിഞ്ഞ് പോക്കിന് പിന്നിലെ കാരണമെന്നാണ് വിവരം. നിര്‍മാണം, ചില്ലറ വ്യാപാരം, ഉല്‍പ്പാദനം, കൃഷി തുടങ്ങിയ മേഖലകളിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കുവൈറ്റിൽ ഇപ്പോൾ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here