തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിന്റെ അന്വേഷണം കേരള പോലീസ് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉറപ്പ്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഷാരോണിന്റെ കുടുംബാംഗങ്ങള്‍ക്കാണ് ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചത്. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പറഞ്ഞതായി ഷാരോണിന്റെ പിതാവ് ജയരാജനും പ്രതികരിച്ചു.

 

മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നല്‍കി. കേസ് മാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും അച്ഛന്‍ ജയരാജന്‍ പറഞ്ഞു. കേസ് തമിഴ്‌നാട് പോലീസിന് കൈമാറരുതെന്ന് ആവശ്യപ്പെട്ടാണ് ഷാരോണിന്റെ അച്ഛന്‍ ജയരാജന്‍, അമ്മ പ്രിയ, അമ്മാവന്‍ സത്യശീലന്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.

 

അതിനിടെ, ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതിയായ ഗ്രീഷ്മ അടക്കമുള്ളവര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. കേസ് തമിഴ്‌നാട് പോലീസിന് കൈമാറണമെന്ന ആവശ്യവും ഇവര്‍ കോടതിയില്‍ ഉന്നയിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ കേസ് തമിഴ്‌നാട് പോലീസിന് മാത്രമായി കൈമാറുന്നതിനെ കോടതിയില്‍ എതിര്‍ക്കാനാണ് കേരള പോലീസിന്റെ തീരുമാനം.

 

നേരത്തെ ഷാരോണ്‍ കൊലക്കേസിന്റെ അന്വേഷണം സംബന്ധിച്ച് പോലീസ് സംഘം നിയമോപദേശം തേടിയിരുന്നു. കേരള പോലീസിനും തമിഴ്‌നാട് പോലീസിനും അന്വേഷണം നടത്താമെന്നായിരുന്നു നിയമോപദേശം. സി.ആര്‍.പി.സി. 179 അനുസരിച്ച് ഒരു കുറ്റകൃത്യം നടന്ന സ്ഥലത്തോ കുറ്റകൃത്യത്തിന്റെ അനന്തരഫലമുണ്ടായ സ്ഥലത്തോ അന്വേഷണം നടത്താമെന്ന് വ്യവസ്ഥയുണ്ട്. ഷാരോണിന് വിഷം നല്‍കിയത് തമിഴ്‌നാട്ടിലെ ഗ്രീഷ്മയുടെ വീട്ടില്‍വെച്ചാണെങ്കിലും മരണം സംഭവിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലും അന്വേഷണം നടത്താമെന്നായിരുന്നു നിയമോപദേശം. അതേസമയം, തമിഴ്‌നാട് പോലീസിന് കേസ് കൈമാറിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here