തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിലെ പ്രതിയായ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്‌തു. പൊലീസ് കസ്റ്റഡിയിൽ തുടരവേ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെ ശുചിമുറിയിൽ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയതിനെ തുട‌ർന്നാണ് ഗ്രീഷ്മയെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തലിൽ ആരോഗ്യനില തൃപ്തികരമാണെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ ഡിസ്ചാർജ് ചെയ്തത്. തുടർന്ന് ഗ്രീഷ്മയെ ജയിലിലേയ്ക്ക് മാറ്റി.

 

കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ ഒഴിവാക്കാനായി പ്രതി മനഃപൂർവ്വം ആശുപത്രിയിൽ തുടരുന്നു എന്ന പൊലീസ് ആരോപണത്തിനിടയിലാണ് ഗ്രീഷ്മയ്ക്ക് ഡിസ്ചാർജ് നൽകിയത്. നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിലേയ്ക്കാണ് ഗ്രീഷ്മയെ മാറ്റിയിരിക്കുന്നത്. ഗ്രീഷ്മയുടെ അമ്മാവനെയും അമ്മയെയും കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്ന ആവശ്യവുമായി പൊലീസ് ഇന്ന് അപേക്ഷ സമർപ്പിച്ചിരുന്നു

 

ഗ്രീഷ്‌മ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ ലോക്കപ്പിലെ സൗകര്യം ഉപയോഗിക്കാതെ, പുറത്തിറക്കി മറ്റൊരു ടോയ്‌ലെറ്റിലാണ് സുരക്ഷാ ചുമതലയുള്ള പൊലീസുകാരികൾ കൊണ്ടുപോയത്. പ്രതി കയറുന്നതിന് മുമ്പ് ശുചിമുറിയുടെ അകത്ത് പരിശോധന നടത്തിയില്ല. കൂടാതെ വാതിൽ അകത്തുനിന്ന് ലോക്ക് ചെയ്യാനും അനുവദിച്ചിരുന്നു. ശുചിമുറിയിക്കുള്ളിൽ വെച്ച് ലൈസോൾ അണുനാശിനി കുടിച്ച് ആത്മഹത്യയ്കക്ക് ശ്രമിച്ച പ്രതിയുടെ തൊണ്ടയിലും അന്നനാളത്തിലും മുറിവുകളുള്ളതായി പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിരുന്നു. സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയതിന് നെടുമങ്ങാട് സ്റ്റേഷനിലെ രണ്ട് വനിതാ പൊലീസുകാർ സസ്പെൻഷൻ നേരിട്ടിരുന്നു. .

LEAVE A REPLY

Please enter your comment!
Please enter your name here