തിരുവനന്തപുരം നഗരസഭ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. വ്യാജ രേഖ ചമയ്ക്കലിനാണ് കേസെടുത്തിട്ടുള്ളത്. ഐപിസി 465,466,469 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മേയറെ ഇകഴ്ത്താനും സദകീര്‍ത്തിക്ക് ഭംഗം വരുത്തുവാനുമാണ് വ്യാജ കത്ത് ചമച്ചതെന്നാണ് എഫ്‌ഐആറിലുള്ളത്. (fir details of the case based on complaint of mayor arya rajendran)

 

അതേസമയം തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം ഇന്ന് അതിരുവിട്ടു. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. അഴിമതി മേയര്‍ ഗോ ബാക്ക് എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ഡയസില്‍ കിടന്ന് പ്രതിഷേധിച്ച ബിജെപി കൗണ്‍സിലര്‍മാരെ പൊലീസ് നീക്കി.

ഡയസില്‍ കിടന്ന് പ്രതിഷേധിച്ച വനിത കൗണ്‍സിലര്‍മാരെ നീക്കാനെത്തിയ പോലീസിനെ മറ്റു കൗണ്‍സിലര്‍മാര്‍ തടയുന്ന നിലയുണ്ടായി. ഇതേത്തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. കൗണ്‍സിലില്‍ മര്യാദ പാലിച്ചില്ലെങ്കില്‍ കൗണ്‍സിലില്‍ നിന്ന് മാറ്റേണ്ടി വരുമെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കി. ഫ്‌ലക്‌സ് ബോര്‍ഡ് നിരോധിച്ച നഗരസഭയില്‍ ബാനര്‍ ഉയര്‍ത്തിയ കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ പാളയം രാജന്‍ ആവശ്യപ്പെട്ടു.

കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മേയറെ പ്രതിപക്ഷ അംഗങ്ങള്‍ നിലത്ത് കിടന്ന് തടസപ്പെടുത്തിയതിനാല്‍ മേയര്‍ക്ക് ഡയസിലെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് പൊലീസിന്റെ സഹായത്തോടെ മേയര്‍ ഡയസിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here