തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പ്രത്യേക ട്രെയിൻ സർവീസ് ഒരുക്കി കൊച്ചി മെട്രോ. എസ്.എൻ ജംഗ്ഷനിൽ നിന്ന് രാത്രി 11.30 വരെ കൊച്ചി മെട്രോ സർവീസ് നടത്തും. 

ക്ഷേത്രത്തിലെ വൃശ്ചികോത്സവം ആരംഭിക്കുന്ന ഇന്ന് മുതൽ ഈ മാസം 28 വരെ എസ്.എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്ക് രാത്രി 11.30 വരെ സർവീസ് ഉണ്ടാകും. രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവേളകളിലാകും സർവീസ്. ക്ഷേത്രത്തിൽ എത്തുന്ന വിശ്വാസികൾക്ക് തിരികെ മെട്രോയിൽ മടങ്ങാം.

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് ഇന്ന് കൊടിയേറി. എട്ട് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ പരിപാടികൾ, നാഗസ്വരവിദ്വാൻ ആർ. ജയശങ്കർ ഉദ്ഘാടനം ചെയ്തു.

എട്ട് ദിവസം നീണ്ടു നിൽക്കുന്ന വൃശ്ചികോത്സവത്തിനാണ് തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ തുടക്കമായത്. തന്ത്രികുടുംബമായ പുലിയന്നൂർ ഇല്ലത്ത് അനുജൻ നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് കർമ്മം നടത്തി. സംഗീതജ്ഞൻ പ്രഫ. ആർ കുമാര കേരളവർമ്മ, കഥകളി ആചാര്യൻ ഫാക്ട് പത്മനാഭൻ, മേളം കലാകാരൻ തിരുവല്ല രാധാകൃഷ്ണൻ എന്നിവർക്ക് ശ്രീപൂർണ്ണത്രയീശ പുരസ്‌കാരം സമ്മാനിച്ചു. തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു മുഖ്യാതിഥിയായി.

കൊച്ചിൻ ദേവസ്വം ബോർഡും, ശ്രീ പൂർണ്ണത്രയീശ ഉപദേശക സമിതിയും ചേർന്നാണ് ഉത്സവം സംഘടിപ്പിക്കുന്നത്. പതിനഞ്ച് ഗജവീരൻമാർ ഉത്സവത്തിന് മാറ്റുകൂട്ടാനെത്തും. പഞ്ചാരിമേളവും, നടപ്പുരമേളവും,കച്ചേരിയും കഥകളിയും, മറ്റ് ക്ഷേത്രകലകളും ഒരു മതിൽ കെട്ടിനുള്ളിൽ നിറയുകയാണ് തൃപ്പൂണിത്തുറയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here