കൊച്ചി: സിറോ മലബാർ സഭയിലെ ഏകീകരണ കുർബാന തർക്കം സംഘർഷത്തിലേയ്ക്ക് കടന്ന സാഹചര്യത്തിൽ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടാൻ തീരുമാനം. ബസിലിക്കയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതിനായി പൊലീസ് ശുപാർശ നൽകും. ഇതിൽ തീരുമാനമാകുന്നതുവരെയാണ് ബസിലിക്ക അടച്ചിടുന്നത്.

എറണാകുളം ബിഷപ്പ് ഹൗസിലെ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഏകീകൃത കുർബാന നടത്താനെത്തിയപ്പോൾ വിമത പക്ഷം തടയുകയായിരുന്നു. പള്ളിയങ്കണത്തിൽ വിമതപക്ഷം നിലയുറപ്പിച്ചതോടെ ബിഷപ്പ് തിരിച്ചു പോയി.

എറണാകുളം ബിഷപ്പ് ഹൗസിൽ അൽമായ മുന്നേറ്റം രാപ്പകൽ നീതിയജ്ഞം തുടരുന്നതിനാൽ തന്നെ ഇന്ന് സംഘർഷമുണ്ടാകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേതുടർന്ന് വൻ പൊലീസ് സംഘമാണ് ഇവിടെ ക്യാമ്പ് ചെയ്തിരുന്നത്. ഇന്ന് രാവിലെ 4.30 ഓടെയാണ് ഔദ്യോഗിക- വിമതപക്ഷം പള്ളിക്ക് മുൻപിൽ തടിച്ച് കൂടിയത്.

ദിവസങ്ങളായി അൽമായ മുന്നേറ്റവും അൽമായ സംരക്ഷണ സമിതിയും ജനാഭിമുഖ കുർബാന തുടരണമെന്ന ആവശ്യവുമായി ബിഷപ്പ് ഹൗസിൽ രാപ്പകൽ സമരം നടത്തി വരികയാണ്. ഏകീകൃത കുർബാന ആരംഭിക്കണം എന്നാവശ്യപ്പെട്ട് നൽകിയ കത്തുകൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ബിഷപ്പ് ഹൗസിലേക്ക് പ്രതിഷേധക്കാർ റാലി നടത്തിയിരുന്നു. പരിഷ്‌കരിച്ച കുർബാന നടന്നാൽ തടയാനുള്ള നീക്കവുമായി രാത്രി കൂടുതൽ വിശ്വാസികൾ ബിഷപ്പ് ഹൗസിൽ തങ്ങി. ഇവർ പ്രതീക്ഷിച്ച നീക്കങ്ങളാണ് ഔദ്യോഗിക പക്ഷം ഇന്ന് പുലർച്ചെ നടത്തിയത്. മാർപ്പാപ്പയുടെ അനുമതിയോടെയുള്ള ഏകീകൃത കുർബാന അർപ്പിക്കാൻ ബിഷപ്പിനെ അനുവദിക്കണമെന്നാണ് ഔദ്യോഗിക പക്ഷം ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here