ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ മരണത്തില്‍ തനിക്കോ മകനോ പങ്കില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തനിക്കെതിരായ കേസ് എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാനുള്ള നീക്കമാണ്. താനോ മകനോ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് യൂണിയന്‍ തലപ്പത്തേക്ക് വരാതിരിക്കാന്‍ കരുതിക്കൂട്ടി നല്‍കിയ കേസാണിത്. കോടതിയെ തെറ്റിദ്ധരിച്ച് നേടിയ അന്വേഷണ ഉത്തരവാണെന്നും അദ്ദേഹം കണിച്ചുകുളങ്ങരയിലെ വീട്ടില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ആളാണ് കെ.കെ മഹേശന്‍. അതെല്ലാം തെളിഞ്ഞപ്പോഴാണ് മറ്റ് മാര്‍ഗമില്ലാതെ ആത്മഹത്യ ചെയ്തത്. തനിക്കെതിരെ ഒരു ആരോപണവും മഹേശന്റെ ആത്മഹത്യക്കുറിപ്പിലില്ല.

 

മാവേലിക്കരയിലെ സാമ്പത്തിക ക്രമക്കേടുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയപ്പോള്‍ നിലനില്‍പ്പില്ലാതെ വന്നപ്പോഴാണ് ജീവനൊടുക്കിയത്. കണിച്ചുകുളങ്ങര യൂണിയനില്‍ മൈക്രോ ഫൈനാന്‍സ് അടക്കം നിരവധി ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ട്. പൂച്ചാക്കല്‍ സ്്കൂളില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഒരു സ്ത്രീയില്‍ നിന്ന് 40 ലക്ഷം രൂപ വാങ്ങി. മാരാരിക്കുളം സ്‌റ്റേഷനിലെ പരാതിയില്‍ ഇതുവരെ ആ പണം തിരികെ നല്‍കിയിട്ടില്ല.

ചേര്‍ത്തല യൂണിയന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചേര്‍ത്തല യൂണിയന്‍ ഓഫീസില്‍ നിന്ന് നോട്ടീസ് അയച്ചു.ഇതെല്ലാം തെളിഞ്ഞുവന്നപ്പോള്‍ നിലനില്‍പ്പില്ലാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്തപ്പോള്‍ തന്റെ തലയില്‍ വയ്ക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പത്ത് സെന്റില്‍ താമസിച്ച്, ഒരു ബിസിനസും ചെയ്യാതെ 2500 രൂപയ്ക്ക് തന്റെ ജീവനക്കാരാനായിരുന്ന ആള്‍ക്ക് ഇപ്പോള്‍ ഉള്ള വീടും കാറുകളും ചേര്‍ത്തല യൂണിയന്‍ ഓഫീസിനു കീഴിലുള്ള സ്ഥാപനവും ജീവനക്കാര്‍ക്ക് താമസിക്കാന്‍ കോടികളുടെ സ്ഥലവും കെട്ടിടവും ഉണ്ടാക്കിയതും എല്ലാം എവിടെനിന്നാണെന്ന് അന്വേഷിക്കണം.

താന്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണ് താന്‍. സത്യം എന്നായാലും തെളിയും. ആത്മഹത്യയ്‌ക്കെതിരെ യൂണിയനുകളില്‍ ക്ലാസെടുക്കാന്‍ പോകുന്ന മഹേശന്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്ന് പരിശോധിക്കണം. മഹേശന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് താനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here