വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികന്റെ പ്രസ്താവനയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് തോമസ് ജെ.നെറ്റോയ്‌ക്കെതിരെ വീണ്ടും കേസ്. തുറമുഖ കവാടം ഉപരോധിച്ചതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയ ഉപരോധത്തിന്റെ പേരില്‍ ആര്‍ച്ച്ബിഷപ്പിനെയും സഹായ മെത്രാനേയും 50 ഓളം വൈദികരേയും പ്രതിചേര്‍ത്ത് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് സ്‌റ്റേഷനു നേര്‍ക്ക് ആക്രമണമുണ്ടായത്.

അതിനിടെ, ഫിഷറീസ് മന്ത്രി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. വൈദികനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്. വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികന്റെ പ്രസ്താവനയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

വിഴിഞ്ഞം തുറമുഖ സെമിനാറില്‍ ലത്തീന്‍ രൂപയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വര്‍ഗീയ പരാര്‍മശം നടത്തിയത്. മന്ത്രിയുടെ പേരില്‍തന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമര്‍ശം. ഇതിന് പിന്നാലെ മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ പോലീസില്‍ വൈദികനെതിരെ നല്‍കിയ പരാതിയിലാണ് കേസ്.

സംഭവത്തില്‍ പിന്നീട് വൈദികന്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഫാ.തിയോഡേഷ്യസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞു. നാവിന് എല്ലില്ലെന്ന് വച്ച് എന്തും വിളിച്ചുപറയരുത്. തീവ്രവാദികള്‍ എന്ന് താന്‍ ആരെയും വിളിച്ചിട്ടില്ല. തുറമുഖ വികസന പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് പറഞ്ഞത്. അത് ഇനിയും പറയും. തന്നോട് ആരും മാപ്പ് പറഞ്ഞിട്ടില്ല. രാവിലെ എന്തെങ്കിലും പറഞ്ഞിട്ട് വൈകിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ഈ പറയുന്ന ആളിന്റെ പേരിന്റെ ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് ഗൂഗ്‌ളില്‍ തിരയണമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here