പോലീസിനെ ആക്രമിച്ചിട്ടും വെടിവച്ചില്ല എന്നതാണ് ഇപ്പോള്‍ അവരുടെ പ്രശ്‌നം. ക്രമസമാധാനത്തിന് കേരള പോലീസ് മതി. സുരക്ഷയ്ക്ക് കേന്ദ്രസേന വരുന്നുവെങ്കില്‍ എന്താണ് തടസ്സമെന്നും എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടന്ന സംഘര്‍ഷം ആസൂത്രിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മന്ത്രിക്കെതിരായ വൈദികന്റെ പരാമര്‍ശം നാക്കുപിഴയല്ല. വാക്ക് വികലമായ മനസ്സിന്റെ പ്രതിഫലനമാണ്. വിഴിഞ്ഞത്ത് നടന്നത് സംഘര്‍ഷമല്ല, കലാപമാണ്. ജനാധിപത്യ സമരങ്ങള്‍ക്ക് സിപിഎം എതിരല്ല, എന്നാല്‍ അക്രമം പ്രോത്സാഹിപ്പിക്കാനാവില്ല. വിഴിഞ്ഞം സമരത്തിനു പിന്നില്‍ വര്‍ഗീയത കൂടി ഉള്‍പ്പെട്ട ഒരു അജണ്ടയുണ്ട്. വൈദികരുടെ വര്‍ഗീയ പരാമര്‍ശങ്ങളും കലാപാഹ്വാനങ്ങളും ജനങ്ങള്‍ തള്ളിക്കളയുമെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു.

ക്രമസമാധാനം നോക്കലല്ല ഇപ്പോള്‍ സര്‍ക്കാരിന്റെ ജോലിയെന്ന് ഗവര്‍ണര്‍ വിമര്‍ശിക്കുന്നു. അപ്പോഴാണ് ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ സ്വരത്തില്‍ ഈ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നത്. ബിജെപി വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാതെ തന്നെ അധികാരത്തില്‍ വന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പറയുന്നു. ആ ബി.ജെ.പിയാണ് 99 സീറ്റ് കിട്ടിയ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറയുന്നത്. ഏതെങ്കിലും ഓലപ്പാമ്പ് കാട്ടി ഇടതുപക്ഷ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിക്കളയാമെന്ന് കരുതിയാല്‍ ആ ഭീഷണിക്ക് വഴങ്ങുന്ന ആരും ഈ കേരളത്തിലില്ല. ഫാസിസ്റ്റ് രീതിയില്‍ ഭരണം അട്ടിമറിക്കുമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

 

വിമോചന സമരം നടത്തിക്കളയുമെന്നാണ് സുധാകരന്‍ പറയുന്നത്. അതൊന്നും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. പഴയ നാടല്ല കേരളം, ചിന്താശേഷിയുള്ള ജനങ്ങള്‍ കേരളത്തിലുണ്ട്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ജനാധിപത്യ വിരുദ്ധമായ നിലപാടിനെതിരെ ഇടതുപക്ഷം ശക്തമായ പ്രചാരണം നടത്തും. മത്സ്യത്തൊഴിലാളികളെ മറയാക്കി, രൂപതയിലെ ഒരു വിഭാഗം വൈദികര്‍ നടത്തുന്ന കലാപാഹ്വാനം ഉള്‍പ്പെടെ ജനങ്ങള്‍ തള്ളിക്കളയുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ബിഷപ്പിനെതിരായ കേസെടുത്തതാണ് പ്രകോപനത്തിന് കാരണമെന്ന ചോദ്യത്തിന് ആരാണോ കുറ്റവാളി അയാള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. പ്രതികളുടെ പട്ടിക തയ്യാറാക്കി വരികയാണ്. എല്ലാവരേയും അറസ്റ്റു ചെയ്യും. ആളെ നോക്കിയല്ല, കുറ്റകൃത്യം നോക്കിയല്ല കേസെടുക്കുന്നത്. അറസ്റ്റു ചെയ്യപ്പെടുകയും നല്ല അടിവാങ്ങി വരികയും ചെയ്ത അച്ചന്മാര്‍ ഈ സമരത്തില്‍ തന്നെ ഉണ്ട്.

തൊഴിലാളികളുടെ സമരത്തെ തള്ളിപ്പറയുന്നില്ല. എന്നാല്‍ കലാപത്തെ അംഗീകരിക്കുന്നില്ല. കേന്ദ്രസേന ഇപ്പോള്‍ തന്നെ പല വ്യവസായ കേന്ദ്രങ്ങളുടെയും സുരക്ഷയ്ക്കുണ്ട്. അതുകൊണ്ട് കേന്ദ്രസേനയെ വിളിക്കേണ്ട ആവശ്യമില്ല. പോലീസിനെ ആക്രമിച്ചിട്ടും വെടിവച്ചില്ല എന്നതാണ് ഇപ്പോള്‍ അവരുടെ പ്രശ്‌നം. ക്രമസമാധാനത്തിന് കേരള പോലീസ് മതി. സുരക്ഷയ്ക്ക് കേന്ദ്രസേന വരുന്നുവെങ്കില്‍ എന്താണ് തടസ്സമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

വിഴിഞ്ഞത്ത് തുറമുഖ പദ്ധതി വേണമെന്നാണ് സര്‍വകക്ഷിയോഗത്തില്‍ ആവശ്യമുയര്‍ന്നത്. വിഴിഞ്ഞം പോര്‍ട്ട് കേരളത്തിന്റെ ആവശ്യമാണ്. അത് നടപ്പാകുക തന്നെ ചെയ്യും. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here