അടൂര്‍: ബാബു ദിവാകരന് ഇത് മധുരമുള്ളോരോര്‍മയാകും. അതുകൊണ്ടാകാം ആ മനസ്സുപോലെ മധുരമുള്ള രുചി പ്രിയപ്പെട്ടവര്‍ക്കും പങ്കുവച്ചത്. ജീവിത പ്രതിസന്ധിയില്‍ ദുരിതം അനുഭവിക്കുന്ന മുന്‍ നഗരസഭ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ബാബു ദിവാകരന് പ്രവാസി മലയാളിയും വ്യവസായിയുമായ തോമസ് മൊട്ടയ്ക്കലിന്റെ സ്നേഹസ്പര്‍ശം. അടൂരില്‍ നടന്ന ചടങ്ങില്‍ രണ്ടു ലക്ഷം രൂപയാണ് തോമസ് മൊട്ടയ്ക്കല്‍ ബാബു ദിവാകരന് നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് തുക കൈമാറിയത്.

ബാബു ദിവാകരന്റെ കണ്ണീരുപ്പു കലര്‍ന്ന ജീവിതകഥ ‘കൊടിപിടിച്ച കരങ്ങള്‍ക്ക് കരുത്തേകാം’ കഴിഞ്ഞ ദിവസം ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാന്‍ ജെയിംസ് കൂടലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയനായ ടോമര്‍ ഗ്രൂപ്പ് സിഇഒ തോമസ് മൊട്ടയ്ക്കല്‍ സഹായവാഗദാനവുമായി രംഗത്തെത്തിയത്.

പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ തോമസ് മൊട്ടയ്ക്കല്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ ടോമര്‍ ഗ്രൂപ്പ് കമ്പനിയുടെ സിഇഒ ആണ്. തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ദുബായ് ഗ്ലോബല്‍ വില്ലേജ് ഇന്ത്യന്‍ പവലിയന്‍ നിര്‍മാണം തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കിയത് തോമസ് മൊട്ടയ്ക്കലാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റും അമേരിക്ക റീജിയന്‍ ബിസിനസ് ഫോറം ചെയര്‍മാനുമാണ്.

അടൂര്‍ നഗരസഭ അധ്യക്ഷനായിരുന്ന ബാബു ദിവാകരന്‍ സ്വന്തമായി ആരംഭിച്ച കറിപ്പൊടി ബിസിനസ് തകര്‍ന്നതോടെയാണ് ജീവിതം വഴിമുട്ടിയ അവസ്ഥയിലെത്തിയത്. ഇതിനിടയില്‍ ഭാര്യയുടെ തുടര്‍ ചികിത്സയും ജീവിതം കൂടുതല്‍ സംഘര്‍ഷമാക്കി. തകര്‍ന്നു വീഴാറായ വീട്ടില്‍ കഴിയുന്ന ബാബു ദിവാകരനെക്കുറിച്ചു ഗ്ലോബല്‍ ഇന്ത്യന്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വി. എം. സുധീരനടക്കമുള്ള നിരവധി രാഷ്ട്രീയ നേതാക്കളാണ് ഏറ്റെടുത്തത്.

അടൂരില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി ആളുകള്‍ പങ്കെടുത്തു. ബാബു ദിവാകരനെ സഹായിക്കാന്‍ മുന്‍കൈയെടുത്ത ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിനെ ശശി തരൂര്‍ എംപി അഭിനന്ദിച്ചു. മധുര പലഹാരങ്ങള്‍ കച്ചവടം ചെയ്യുന്ന ബാബു ദിവാകരന്‍ വേദിയിലുണ്ടായിരുന്ന വിശിഷ്ഠാതിഥികള്‍ക്ക് മധുരം സമ്മാനിച്ചാണ് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here