തിരുവനന്തപുരം: കൽപിത സർവകലാശാലയായ കേരള കലാമണ്ഡലത്തിന്റെ ചാൻസലറായി പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെ നിയമിച്ച് സംസ്ഥാന സർക്കാർ. ഇന്ത്യന്‍ ശാസത്രീയനൃത്തത്തിന് ലോകഖ്യാതി നേടിക്കൊടുത്ത നര്‍ത്തകിയാണ് പത്മഭൂഷണ്‍ മല്ലികാ സാരാഭായി. സാമൂഹ്യ പരിവർത്തനത്തിന് കലയേയും സാഹിത്യത്തേയും ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ പറഞ്ഞു.

സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കിക്കൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സര്‍വകലാശാലകളുടെ ചാന്‍സലറായി അതാത് വിഷയത്തില്‍ പ്രഗത്ഭരായവരെ നിയമിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മല്ലികാ സാരാഭായിയുമായി ആശയം വിനിമയം നടത്തുകയും അവര്‍ താത്പര്യമറിയിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് നിയമനമെന്ന് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.

 

2006 മുതൽ കേരളാ ഗവർണറാണ് കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനം വഹിച്ചിരുന്നത്. ചാന്‍സലറുടെ കാര്യത്തില്‍ കല്‍പ്പിത സര്‍വകലാശാലയുടെ സ്പോണ്‍സറിങ് ഏജന്‍സിക്ക് തീരുമാനമെടുക്കാമെന്നാണ് യു.ജി.സി. വ്യവസ്ഥ. കലാമണ്ഡലത്തിന്റെ സ്പോണ്‍സറിങ് ഏജന്‍സി സര്‍ക്കാരായതിനാലാണ് ഗവര്‍ണറെ നീക്കി ഉത്തരവിറക്കിയതും പുതിയ ചാന്‍സലറെ നിയമിച്ചതും.

പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടേയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടേയും മകളായി ജനിച്ച മല്ലിക സാരാഭായി ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്.നാടകം, സിനിമ, ടെലിവിഷന്‍, സാഹിത്യം, പ്രസാധനം, സംവിധാനം എന്നീ മേഖലകളിലും അവര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here