തിരുവനന്തപുരം: മാൻഡസ് ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിൽ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാന്‍ഡോസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകത്തിനും വടക്കൻ കേരളത്തിനും മുകളിലായി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം. 

ഇന്നും നാളെയും തെക്ക്-കിഴക്കന്‍, മധ്യ-കിഴക്കന്‍ അറബിക്കടല്‍, കേരള-കര്‍ണാടക തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here