കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം കടന്നുപോകുന്നതിന്‍റെ ഭാഗമായാണ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത്. കരിങ്കൊടി പ്രതിഷേധ സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി കൈക്കൊണ്ടത്.

നിയോജകമണ്ഡലം പ്രസിഡന്‍റ് എ.എം നിതീഷ്, ജെറി പി. രാജു, വിഗ്നേശ്വര പ്രസാദ് എന്നിവരെയാണ് നടപടി തടങ്കലിലാക്കിയത്. വാഹന വ്യൂഹം കടന്നുപോകുന്ന മേഖലയില്‍ കൂടുതല്‍ സുരക്ഷ വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്. വന്‍ പോലീസ് സന്നാഹത്തിനും സുരക്ഷയ്ക്കുമിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻപ് പല തവണ പ്രതിപക്ഷ പാർട്ടികൾ കരിങ്കൊടി പ്രതിഷേധം നടത്തിയിട്ടുണ്ട്.

ജൂൺ മാസത്തിൽ കോഴിക്കോട് വെച്ച് യുവ മോർച്ചയും യൂത്ത് കോൺ​ഗ്രസും യൂത്ത് ലീ​ഗും മുഖ്യമന്ത്രി പിണറായി വിജയൻ കടന്നു പോകുന്നതിനിടെ കരിങ്കൊടിയുമായെത്തി പ്രതിഷേധിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് മുഖ്യമന്ത്രി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചതിന് പിന്നാലെ തന്നെ പന്തീരാങ്കാവില്‍വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. എരഞ്ഞിപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കോടി കാണിച്ച് പ്രതിഷേധിച്ചിരുന്നു. നേരത്തേയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here