ആലുവ: തോട്ടുംമുഖം ശ്രീനാരയണഗിരിയിലെ ശ്രീ നാരായണ സേവികാ സമാജത്തിലെ കുട്ടികളുടെ താമസത്തിനായി നിര്‍മിച്ച പുതിയ ഡോര്‍മിറ്ററി മന്ദിരം കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ ഇന്ന് (ഡിസം 17) രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ദീര്‍ഘകാലം സമാജത്തിന്റെ പ്രസിഡന്റായിരുന്ന പരേതയായ ജസ്റ്റിസ് ഉഷാ സുകുമാരന്റെ സ്മരണയ്ക്കായാണ് പുതിയ ഡോര്‍മിറ്ററി മന്ദിരം സമാജത്തിലെ കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നത്. സമാജം പ്രസിഡന്റ് പ്രൊഫ. ഷെര്‍ളി ചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊഫ എം കെ സാനു മുഖ്യപ്രഭാഷണം നടത്തും. നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ഡോ. കെ അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബ്രഹ്‌മശ്രീ അസ്പര്‍ശാനന്ദ സ്വാമി, സി എച്ച് മുസ്തഫ മൗലവി, സെന്റ് സേവിയേഴ്സ് കോളേജ് ഡയറക്ടര്‍ റവ. സിസ്റ്റര്‍ ഡോ. ശാലിനി എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. ജസ്റ്റിസ് (റിട്ട.) കെ സുകുമാരന്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ് നായര്‍, മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍, ഫെഡറല്‍ ബാങ്ക് അസി. വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡുമായ സുമോദ് മണി, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വാര്‍ഡംഗം കെ കെ നാസി എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും. സമാജം സെക്രട്ടറി അഡ്വ. വി പി സീമന്തിനി സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ വെസ് പ്രസിഡന്റ് അഡ്വ. കാര്‍ത്തിക സുകുമാരന്‍ കൃതജ്ഞത രേഖപ്പെടുത്തും.

15114 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ ഡോര്‍മിറ്ററി മന്ദിരത്തില്‍ കുട്ടികളുടെ താമസത്തിനായി 26 മുറികളുണ്ട്. ഇതിനു പുറമെ കെയര്‍ടേക്കര്‍മാര്‍ക്കായി 3, രോഗശുശ്രൂഷക്കായി 2, എന്നിങ്ങനെയും റിക്രിയേഷന്‍, ഓഫീസ് റൂം എന്നിവയ്ക്കായി ഓരോ മുറിയും നീക്കിവെച്ചിട്ടുണ്ട്. ബേസ്‌മെന്റുള്‍പ്പെടെ നാലു നിലയുള്ള ഡോര്‍മിറ്ററി മന്ദിരത്തില്‍ അന്തേവാസികളുടെ ഉപയോഗത്തിനായി ലിഫ്റ്റും വൈദ്യുതി ആവശ്യങ്ങള്‍ക്കായി 30 കിലോ വാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്.

നിലവില്‍ 21 വയസ്സില്‍ താഴെയുള്ള 95 കുട്ടികളാണ് സമാജത്തില്‍ താമസിക്കുന്നത്. ഇവര്‍ക്കു പുറമെ 22-നും 60നും ഇടയ്ക്ക് പ്രായമുള്ള 14 പേരും 60നു മേല്‍ പ്രായമുള്ള 45 പേരും ഇവിടെ അന്തേവാസികളായുണ്ട്. തയ്യല്‍കേന്ദ്രം, പ്രിന്റിംഗ് പ്രസ്, കറിപ്പൊടി യൂണിറ്റ്, ബേക്കറി, ചെറിയ ഷോപ്പിംഗ് സെന്റര്‍, ഡെയറി ഫാം, കൃഷി എന്നിവ കൂടി ഉള്‍പ്പെട്ടതാണ് സമാജത്തിന്റെ പ്രവര്‍ത്തനം. ഇതിനു പുറമെ എല്‍പി സ്‌കൂളും ഇംഗ്ലീഷ് മീഡിയം സ്‌കൂളും ക്രെഷെയുമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ്വ. സീമന്തിനി, സെക്രട്ടറി, 94473 92057

LEAVE A REPLY

Please enter your comment!
Please enter your name here