തിരുവനന്തപുരം: പുതുവര്‍ഷ പുലരിയില്‍ സംസ്ഥാനത്ത് അപകടങ്ങളുടെ പരമ്പര. ഞായറാഴ്ച പുലര്‍ച്ചെയും രാത്രിയിലുമായി വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ആറു പേര്‍ മരിച്ചു. കൊല്ലം ബീച്ചില്‍ പുതുവത്സരാഘോഷത്തിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി.

പത്തനംതിട്ട തിരുവല്ലയില്‍ ബൈക്ക് ടാങ്കര്‍ ലോറിയില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. തിരുവല്ലയില്‍ റെയില്‍വെ സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രി ഒന്നരയോടെയായിരുന്നു അപകടം.. വീട്ടിലേക്കുള്ള യാത്രയില്‍ യുവാക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ എതിര്‍ദിശയില്‍ വന്ന ടാങ്കര്‍ ലോറി ഇടിയ്ക്കുകയായിരുന്നു. ഏനാത്ത് ബൈക്ക് പോസ്റ്റിലിടിച്ച് ഇലങ്ക മംഗല സ്വദേശി തുളസീധരന്‍ മരിച്ചു. ഇരുചക്രവാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചായിരുന്നു തുളസീധരന്‍ മരിച്ചത്.

 

ഇടുക്കി ഇടുക്കി അടിമാടി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

ആലപ്പുഴയില്‍ പൊലീസ് വാഹനമിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അലക്‌സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് യുവാക്കളെ ഇടിച്ചത്. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കള്‍. അപകടസമയത്ത് ഡ്രൈവര്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പുതുവത്സരാഘോഷത്തിനിടെ കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാംമൂട് സ്വദേശി അഖിലിനെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here