തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ച്. പ്രകടനമായി നിയമസഭയ്ക്കു മുന്നിലേക്ക് എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കവാടത്തിനു മുന്നില്‍ ബൈക്ക് കത്തിച്ചു. ടയറുകള്‍ കൂട്ടിയിട്ടാണ് ബൈക്ക കത്തിച്ചത്. സ്ഥലത്തുണ്ടായിരുന്ന പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പ്രകടനമായി പ്രതിഷേധ മാര്‍ച്ച് എത്തുമെന്നറിഞ്ഞ് പോലീസ് നിയമസഭയ്ക്കു മുന്നില്‍ ബാരിക്കേഡ് വച്ചിരുന്നു. ജലപീരങ്കി അടക്കമുള്ള സന്നഹങ്ങളുമുണ്ട്.

 

അതേസമയം, മറ്റൊരു ഭാഗത്ത് ഐഎന്‍ടിസിയുടെ നേതൃത്വത്തില്‍ ടൈറ്റാനിയത്തിലെ അനധികൃത നിയമനത്തിനെതിരായ പ്രതിഷേധം നടക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി പ്രതിഷേധം ഉദ്ഘാടനം ചെയ്തശേഷം വി.ഡി സതീശന്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഇത്രയും മോശമായി ബജറ്റ് അവതരിപ്പിച്ചിക്കുന്ന കാലമുണ്ടോ?യെന്ന് സമരം ഉദ്ഘാടനം ചെയ്ത് വി.ഡി സതീശന്‍ ചോദിച്ചു. മഹാമാരിയും മഹാപ്രളവും കഴിഞ്ഞ ജനം വലഞ്ഞിരിക്കുന്ന ഈ കെട്ട കാലത്താണ് ജനങ്ങളുടെ മേല്‍ മഹാദുരന്തമായി പെയ്തിറങ്ങുന്ന ബജറ്റ് വന്നിരിക്കുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ദയനീയമായി തകര്‍ന്നിരിക്കുന്നു. അത് മെച്ചപ്പെടുത്താന്‍ ഒരു മാര്‍ഗവും സ്വീകരിക്കുന്നില്ല. ധൂര്‍ത്തിന് ഒരു കുറവുമില്ല. പരമദയനീയമായ സ്ഥിതിയാണ് കേരളത്തിന്റേത്. ഈ നികുതി വര്‍ധനവ് കൂടി വന്നാല്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ താളംതെറ്റിക്കുകയാണ്.

മദ്യത്തിന് വില കൂട്ടി ചെറുപ്പക്കാരെ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ്. എന്തിനും ടാക്‌സ് കൂട്ടി. നിയമസഭയില്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ സംസാരിച്ചാല്‍ ടാക്‌സ് ഏര്‍പ്പെടുത്തുമോ എന്ന് ബജറ്റ് മുഴുവന്‍ വായിച്ചുനോക്കണം.

കേരളത്തിലെ മുഖ്യമന്ത്രിക്ക് വഴിയിലുടെ പോകണമെങ്കില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അനുവാദം വേണ്ടിവരും. ആ നിലയിലേക്ക് ഈ സമരം മാറും. നികുതി നിര്‍ദേശം പിന്‍വലിക്കുന്നത് വരെ സമരം മുന്നോട്ടുപോകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here