ഏഷ്യാനെറ്റിനെതിരായ അതിക്രമം സര്‍ക്കാരിന് എതിരായ വാര്‍ത്ത കൊടുക്കരുത് എന്ന മറ്റു മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്

തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിലെ സിപിഐഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്ന് പ്രതിപക്ഷം. ബംഗാള്‍ റൂട്ടിലേക്കാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് ഭരണം പോകുന്നതെന്നും പി സി വിഷ്ണുനാഥ് എംഎല്‍എ വിമര്‍ശിച്ചു. കൊച്ചി ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമം സഭയില്‍ ഉന്നയിച്ചപ്പോഴാണ് പ്രതിപക്ഷം മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്.ഏഷ്യാനെറ്റിനെതിരായ അതിക്രമം സര്‍ക്കാരിന് എതിരായ വാര്‍ത്ത കൊടുക്കരുത് എന്ന മറ്റു മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. ചാനല്‍ ചര്‍ച്ചയില്‍ നടക്കുന്ന പരോക്ഷ വിമര്‍ശനം പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

 

‘ഇവിടെ സെക്രട്ടറിയേറ്റില്‍ മാധ്യമ നിയന്ത്രണം, മാധ്യമ സ്ഥാപനത്തില്‍ റെയിഡ്. എന്നിട്ട് പുരപ്പുറത്ത് കയറിയിരുന്ന് ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കുറിച്ച് സപ്താഹയജ്ഞം നടത്തുകയാണ്. സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുക്കരുത്, സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ തുറന്നുകാട്ടരുത്, ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കരുതെന്നാണ് പറയുന്നത്. ഭരണകൂടത്തിന്റെ മുമ്പില്‍ ഏറാന്‍മൂളികളായി പഞ്ചപുച്ഛമടക്കി നില്‍ക്കണം. പറ്റുമെങ്കില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞതുപോലെ പിണറായി വിജയന്‍ ഈ സ്ഥാപനത്തിന്റെ ഐശ്വര്യം എന്ന് എല്ലാ മാധ്യമസ്ഥാപനത്തിന്റേയും മുന്നില്‍ സ്ഥാപിക്കണമെന്നും’ പി സി വിഷ്ണുനാഥ് പരിഹസിച്ചു.

 

ഏഷ്യാനെറ്റിന്റെ ഓഫീസില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. ഇവിടെ മോദി ഭരണകൂടവും പിണറായി ഭരണകൂടവും തമ്മില്‍ എന്താണ് വ്യത്യാസം. മാധ്യമ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ പരാതിയുണ്ടെങ്കില്‍ അതറിയിക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ ഉണ്ട്. ഇവിടെ അതെല്ലാം എസ്എഫ്‌ഐയെ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഭരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടി എസ്എഫ്‌ഐ ഗുണ്ടാ പണി ചെയ്യുന്നു. എസ് എഫ് ഐ ഗുണ്ടാ പണി കാണിച്ചാല്‍ ഗുണ്ടായിസം കാണിച്ചു എന്ന് തന്നെ പറയുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here