ശൈഖ് അഹമ്മദ് നവാഫിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി ഞായറാഴ്ച്ച അമീരി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി വീണ്ടും ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹ് ചുമതലയേറ്റു. ശൈഖ് അഹമ്മദ് നവാഫിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി ഞായറാഴ്ച്ച അമീരി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നിലവില്‍ കാവല്‍ മന്ത്രിസഭയെ നയിക്കുന്നത് ശൈഖ് അഹമ്മദ് നവാഫാണ്. അമീരി ഉത്തരവ് വന്നതിനെ തുടര്‍ന്ന് ഈ ആഴ്ച്ച തന്നെ മന്ത്രിമാരെ തെരഞ്ഞെടുക്കുമെന്നും ഉടന്‍ തന്നെ സത്യപ്രതിഞ്ജ ഉണ്ടാകുമെന്നുമാണ് ലഭിക്കുന്ന സൂചന.

 

പ്രധാനമന്ത്രിയാണ് മന്ത്രിമാരെ നാമനിര്‍ദേശം ചെയ്യുക. മന്ത്രിമാര്‍ക്കെതിരെ ദേശീയ അസംബ്ലിയില്‍ കുറ്റ വിചാരണ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിനിടെ ഈ വര്‍ഷം ഫെബ്രുവരി 23ന് സര്‍ക്കാര്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. രാജി സമര്‍പ്പിച്ചതിനാല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്ന് സര്‍ക്കാര്‍ വിട്ട് നില്‍ക്കുകയും സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. 2022 ഒക്ടോബര്‍ 17നാണ് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ നിലവിലുള്ള മന്ത്രി സഭ അധികാരമേല്‍ക്കുന്നത്.

 

മന്ത്രിസഭയില്‍ 11 പുതുമുഖങ്ങളും രണ്ട് വനിതകളും ദേശീയ അസംബ്ലിയിലേക്ക് വിജയിച്ച രണ്ട് എംപിമാരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരും എംപിമാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രമ്യതയിലെത്താന്‍ കഴിയാതെ വന്നതോടെ സര്‍ക്കാര്‍ രാജിവെക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ രാഷ്ട്രീയ സ്ഥിരത വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കുവൈത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here