വർക്കല: പാരാഗ്ളൈഡിംഗിനിടെ കോയമ്പത്തൂർ സ്വദേശിയായ യുവതിയും ട്രെയിനറും ഹൈമാസ്റ്റ് ലൈറ്റ് തൂണിൽ കുടുങ്ങിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ളൈഡിംഗ് ട്രെയിനറും ഉത്തരാഖണ്ഡ് സ്വദേശിയുമായ സന്ദീപ്, പാരാഗ്ളൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്.

ഫ്ളൈ അഡ്വഞ്ചേഴ്‌സ് സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസ് എടുത്തു. കമ്പനി ഉടമകൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പാപനാശത്ത് പാരാഗ്ളൈഡിംഗിന് കമ്പനിയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, തനിക്ക് പാരഗ്ളൈഡിംഗ് ലൈസൻസുണ്ടെന്നാണ് സന്ദീപ് പറയുന്നത്. കാറ്റ് ദിശമാറിയതാണ് അപകടത്തിന് കാരണമായതെന്നും ഇയാൾ വിശദീകരിക്കുന്നു.

കേസന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായും പൊലീസ് സംശയിക്കുന്നു. അപകടത്തിൽ പരിക്കേറ്റ വിനോദസഞ്ചാരിയായ കോയമ്പത്തൂർ സ്വദേശിയായ പവിത്രയിൽ (22) നിന്ന് പാരാഗ്ളൈഡിംഗ് കമ്പനി ജീവനക്കാരി സ്റ്റാംപ് ഒട്ടിച്ച വെള്ളപേപ്പറിൽ ഒപ്പിട്ടുവാങ്ങിയിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേനയാണ് ഒപ്പിട്ടുവാങ്ങിയത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കി.

വർക്കല പാപനാശം കടപ്പുറത്ത് ഇന്നലെ വൈകിട്ട് നാലോടെയാണ് പാരാഗ്ളൈഡിംഗിനിടെ സന്ദീപും പവിത്രയും അപകടത്തിൽപ്പെട്ടത്. വർക്കല ഹെലിപ്പാഡിൽനിന്നു പറന്നുപൊങ്ങിയ പാരാഗ്ലൈഡറിന് കാറ്റിന്റെ ദിശ മാറിയതുമൂലം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 350 മീറ്റർ അകലെ പാപനാശം കടപ്പുറത്തെ ഹൈമാസ്റ്റ് വിളക്കിലാണ് ഇരുവരും കുടുങ്ങിയത്.ഏകദേശം 100 അടിയാണ് വിളക്കുതൂണിന്റെ ഉയരം. 80 അടിയോളം ഉയരത്തിലാണ് സന്ദീപും പവിത്രയും തൂങ്ങിക്കിടന്നത്.

രണ്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.പൊലീസും അഗ്നിശമനസേനയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമനസേന വിളക്കുതൂണിന് ചുറ്റും വല വലിച്ചുകെട്ടി. വീണാലുള്ള ആഘാതം കുറയ്ക്കാൻ സമീപത്തെ റിസോർട്ടിൽനിന്നു മെത്തകൾ കൊണ്ടുവന്നു നിരത്തി. 80 അടിയോളം ഉയരം കിട്ടുന്ന ക്രെയിൻ സംഘടിപ്പിക്കുക പ്രയാസമായതിനാൽ മുകളിലെ വിളക്കുമായി ഘടിപ്പിച്ച സ്റ്റീൽ കേബിൾ കറക്കി ഇവരെ താഴെയിറക്കാൻ തീരുമാനിച്ചു. നഗരസഭയിൽ സൂക്ഷിച്ചിരുന്ന ലിവർ എത്തിച്ച് തൂണിന്റെ അടിഭാഗത്തെ ചക്രത്തിൽ ഘടിപ്പിച്ചു. മോട്ടർ ഉപയോഗിച്ചു കറക്കുന്നത് സുരക്ഷിതമല്ലെന്നുകണ്ട് കൈകൊണ്ടാണ് കറക്കിയത്. ഏതാണ്ട് 40 അടിയായപ്പോഴേക്കും വിളക്കിന്റെ ഒരുഭാഗം ഒടിഞ്ഞ് ഇരുവരും വലയിലേക്കു വീഴുകയായിരുന്നു.

അതേസമയം, വർക്കലയിൽ ഇടയ്ക്കിടെ വരാറുണ്ടെങ്കിലും പാരാഗ്ളൈഡിംഗ് ചെയ്യുന്നത് ആദ്യമായാണെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പവിത്ര പറയുന്നു. പത്തു മിനിറ്റു പറന്നുകഴിഞ്ഞപ്പോഴാണ് കാറ്റിന്റെ ദിശയിൽ വ്യത്യാസമുണ്ടായത്. ഇതോടെ വേഗം കൂടി. ഇതിനിടയിൽ നിയന്ത്രിക്കുന്ന കയറുകൾ ചലിപ്പിക്കാൻ കഴിയാതെ മുറുകിയ നിലയിലായി. ഗ്ലൈഡറിന്റെ ഒരു ഭാഗം താഴ്ന്നു. പിന്നാലെ താഴേയ്ക്ക് പതിക്കുകയായിരുന്നെന്നും പവിത്ര പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽ‌ കുടുങ്ങിയാടിയ ശേഷമാണ് പോസ്റ്റിലേയ്ക്ക് ചേർന്നുപിടിക്കാനായത്. തൂങ്ങിക്കിടക്കേണ്ടി വന്ന ഒന്നര മണിക്കൂറും മരണം മുന്നിൽ വന്നുനിന്നതുപോലെയായിരുന്നുവെന്നും പവിത്ര പൊലീസിനോടു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here