ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാൽക്കർ കൊലക്കേസിൽ പ്രതിയായ കാമുകൻ അഫ്താബ് അമിൻ പൂനവാലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മാംസം സൂക്ഷിക്കാൻ നന്നായി അറിയാവുന്ന, പരിശീലനം നേടിയ ഷെഫാണ് അഫ്‌താബ് എന്ന് പൊലീസ് ഡൽഹി കോടതിയിൽ അറിയിച്ചു.

താജ് ഹോട്ടലിലാണ് അഫ്‌താബ് പരിശീലനം നേടിയത്. മാംസം സൂക്ഷിക്കുന്നതിനെക്കുറിച്ച് നല്ല അറിവുണ്ട്. ശ്രദ്ധയെ കൊലപ്പെടുത്തിയതിനുശേഷം തറ വൃത്തിയാക്കാൻ ഐസ്, ചന്ദനത്തിരി, രാസവസ്‌തുക്കൾ എന്നിവ ഓർഡർ ചെയ്തുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. ശ്രദ്ധയെ കൊലപ്പെടുത്തി ഒരാഴ്ചയ്ക്കുള്ളിൽതന്നെ അഫ്‌താബ് മറ്റൊരു യുവതിയുമായി പ്രണയത്തിലായെന്നും ശ്രദ്ധയ്ക്ക് നൽകിയ മോതിരം ഈ യുവതിയ്ക്ക് സമ്മാനിച്ചതായും പൊലീസ് കോടതിയോട് വ്യക്തമാക്കി.

2022 മേയ് 18നാണ് ഡൽഹിയിലെ ഫ്ലാറ്റിൽ ഒപ്പം താമസിച്ച ശ്രദ്ധ വാക്കറെ (27) കാമുകനായ അഫ്താബ് (28) കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം വെട്ടി നുറുക്കി 35 കഷണങ്ങളാക്കി പുതിയ ഫ്രിഡ്‌ജ് വാങ്ങി മൂന്നാഴ്ച്ചയോളം അതിൽ സൂക്ഷിച്ചു. പിന്നീട് ഡൽഹി മെഹ്റൗളിയിലെ വനമേഖലകളിൽ ഉപേക്ഷിക്കുകയായിരുന്നു.

മുംബയിലെ ഒരു കാൾ സെന്ററിലെ ജോലിക്കിടെയാണ് ഹിന്ദുവായ ശ്രദ്ധയും മുസ്ലീമായ അഫ്താബും 2019ൽ പ്രണയത്തിലാകുന്നത്. കുറെക്കാലം മുംബയിൽ ഒരുമിച്ച് താമസിച്ച ഇരുവരും 2022 മേയ് 15ന് ഡൽഹിയിലെ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. ഇതിന് മൂന്നാം ദിവസമാണ് ശ്രദ്ധ കൊല്ലപ്പെടുന്നത്.

ശ്രദ്ധയുടെ മാതാപിതാക്കൾ ബന്ധത്തിനെതിരായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് മകളുടെ വിവരമില്ലെന്ന് കാട്ടി പിതാവ് വികാസ് വാക്കർ മുംബയ് പൊലീസിന് പരാതി നൽകിയത്. തുടർന്ന് 2022 നവംബർ 12ന് അഫ്താബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വനത്തിൽ നിന്ന് കണ്ടെടുത്ത അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ ശ്രദ്ധയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഫ്ലാറ്റിൽ നിന്ന് ലഭിച്ച രക്തസാമ്പിളുകൾ ശ്രദ്ധയുടെ പിതാവിന്റെ സാമ്പിളുമായി പൊരുത്തപ്പെട്ടതായും കുറ്റപത്രത്തിലുണ്ട്.

അഫ്‌താബിന്റെ കുറ്റസമ്മത മൊഴിയും നാർക്കോ ടെസ്റ്റ് റിപ്പോർട്ടും കുറ്റപത്രത്തിന്റെ ഭാഗമാണ്. അഫ്താബും ശ്രദ്ധയുമായി വഴക്കിടുന്നതിന്റെ ഓഡിയോ ക്ലിപ്പ് പൊലീസിന് ലഭിച്ചത് നിർണ്ണായകമായ തെളിവായി. സി.ബി.ഐ ഫോറൻസിക് സംഘം അഫ്താബിന്റെ ശബ്ദ സാമ്പിളുകൾ ഓഡിയോ ക്ലിപ്പിലെ ശബ്ദവുമായി പൊരുത്തപ്പെടുന്നതാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here