കൊച്ചി : ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം 678 പേർ ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. ഇതിൽ 421 പേർ ക്യാമ്പിൽ പങ്കെടുത്തതാണ്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം ഇതിൽ ഉൾപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരത്തേത് അസാധാരണ സാഹചര്യമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രഹ്മപുരം പ്രത്യേക യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രിമാരായ എം.ബി. രാജേഷും പി.രാജീവും.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നാളെ മുതൽ മേയ് വരെ നീളുന്ന 82 ദിവസത്തെ കർമ്മപദ്ധതി നടപ്പാക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കും. ഹരിത കർമ്മ സേന വഴി അജൈവ മാലിന്യം വാതിൽപ്പടി ശേഖരണം നടത്തും. ഫ്ലാറ്റുകളുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കാൻ നൽകുന്ന സമയപരിധി ജൂൺ 30 ആക്കി. കളക്ടറേറ്റിലും തദ്ദേശസ്ഥാപനങ്ങളിലും വാർ റൂം തുറക്കും,​ ഒരു വർഷം കൊണ്ട് ചെയ്യേണ്ട കർമ്മ പദ്ധതി മൂന്നുമാസം കൊണ്ട് നടപ്പാക്കുമെന്നും മന്ത്രിമാർ അറിയിച്ചു.

അതേസമയം ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണ സമിത രൂപീകരിച്ചു,​ ശുചിത്ന മിഷൻ ഡയറക്ടർ,​ തദ്ദേശവകുപ്പ് ചീഫ് എൻജിനീയർ,​ ജില്ലാ കളക്ടർ,​ മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയോൺമെന്റൽ എൻജിനീയർ,​ കോർപ്പറേഷൻ സെക്രട്ടറി,​ കെൽസ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സമിതി. നാളെ മുതൽ മാലിന്യനീക്കം പുനരാരംഭിക്കണം എന്ന് കോടതി നിർദ്ദേശിച്ചു. മാലിന്യ നീക്കം തടസ്സപ്പെട്ടത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കൊച്ചി നഗരത്തിലുണ്ടാകും അതും ഉടൻ പരിഹരിക്കാൻ ശ്രമം ഉണ്ടാവണമെന്നും കോടതി നിർദ്ദേശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here