എറണാകുളം ബസിലിക്ക അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ഫാ.ആന്റണി പൂതവേലിയെ പുതിയതായി ചുമതല നൽകിയ മൂഴിക്കുളം ഫൊറോന പള്ളിയുടെ മുന്നിൽ വിശ്വാസികൾ തടഞ്ഞതിനെ തുടർന്ന് തിരിച്ചു പോയി. എറണാകുളം ബസിലിക്കയിൽ അക്രമത്തിനും വിശുദ്ധ കുർബാനയെ അവഹേളിക്കുന്നതിനും നേതൃത്വം നൽകിയ ഫാ.ആന്റണി പൂതവേലിയെ സ്വീകരിക്കാൻ ആകില്ലെന്ന് ഇടവക സമൂഹം നേരത്തെ തന്നെ അതിരൂപത നേതൃത്വത്തെ അറിയിച്ചിരിന്നതാണ്.

 

എറണാകുളം അതിരൂപതയെയും വിശ്വാസികളെയും അപമാനിച്ച ഫാ. ആന്റണി പൂതവേലിയെ എറണാകുളം അതിരൂപതയുടെ ഒരു പള്ളിയിലും വികാരിയായി അംഗീകരിക്കാൻ ആവില്ലെന്ന് അല്മായ മുന്നേറ്റം അതിരൂപത കൺവീനർ ജെമി ആഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ അറിയിച്ചു. നവംബർ 27ന് ബിഷപ്പ് ഹൗസ് അടിച്ചു തകർക്കുന്നതിന് നേതൃത്വം നൽകിയവർ തന്നെയാണ് ആന്റണി പൂതവേലിയുടെ നേതൃത്വത്തിൽ ബസിലിക്കയിൽ ഡിസംബർ 24ന് അക്രമങ്ങൾ നടത്തിയത്. ഈ രണ്ടു സംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ വീഡിയോ ഉൾപ്പെടെയുള്ള മുഴുവൻ തെളിവുകളും ഉണ്ടായിട്ടും അതിരൂപത നേതൃത്വം അവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തെയ്യാറാകാത്തത് അനുവദിക്കാനാവില്ലെന്ന് അല്മായ മുന്നേറ്റം മുന്നറിയിപ്പ് നൽകി.

 

ഏറ്റവും അടുത്ത ദിവസം തന്നെ പോലീസ് കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ എടുക്കണമെന്ന് അല്മായ മുന്നേറ്റം എറണാകുളം അതിരൂപത കൂരിയയോട് ആവശ്യപ്പെട്ടു. എറണാകുളം അതിരൂപതയിലെ വൈദീകരുടെ വാർഷീക ട്രാൻസ്ഫർ ഇന്ന് പൂർത്തിയായി, നാളെ മുതൽ മുഴുവൻ ദേവാലയങ്ങളിലും നിലവിലെ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കുക ഉള്ളൂ എന്നും, സിനഡ് കുർബാന നടത്തിയതിനെ തുടർന്ന് കഴിഞ്ഞ 50ദിവസമായി വിശുദ്ധ കുർബാന മുടങ്ങിയിരുന്ന കൊച്ചാൽ സെന്റ് ആന്റണിസ് ദേവാലയത്തിൽ പുതിയ വികാരി ചുമതലയെടുത്തതിനാൽ നാളെ മുതൽ വിശുദ്ധ കുർബാന സാധാരണ നിലയിൽ ആരംഭിക്കുന്നതാണെന്ന് അല്മായ മുന്നേറ്റം ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here