കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുകയില്‍ ശ്വാസം മുട്ടുന്ന െകാച്ചിക്കാർക്ക് വൈദ്യസഹായവുമായി നടൻ മമ്മൂട്ടിയുടെ ‘കെയര്‍ ആൻഡ് ഷെയര്‍’. ‌അദ്ദേഹത്തിന്റെ നിർദേശാനുസരണം ആലുവ രാജഗിരി ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘം നാളെ മുതല്‍ സൗജന്യ പരിശോധനയ്‌ക്ക് തുടക്കമിടും.

പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക. ചൊവ്വാഴ്ച വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ബ്രഹ്മപുരത്താണ് വൈദ്യസംഘത്തിന്റെ പരിശോധന. ബുധനാഴ്ച കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും.

വിദഗ്ധ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകള്‍ക്കരികിലെത്തും. ഇതില്‍ ഡോക്ടറും നഴ്‌സുമുണ്ടാകും. മരുന്നുകളും ആവശ്യമുള്ളവര്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സൗജന്യമായി നല്‍കും. ഡോ. ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഇവയില്‍നിന്ന് ലഭിക്കുന്ന പരിശോധനാ വിവരങ്ങള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി.ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ. വി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

വിഷപ്പുക മൂലം വലയുന്ന ആസ്മ രോഗികള്‍ക്കടക്കം ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വലിയൊരളവില്‍ സഹായകരമാകുമെന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിളളി പറഞ്ഞു. വായുവിലെ ഓക്സിജനെ വേര്‍തിരിച്ചെടുക്കുകയാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുന്നത്. ലഭ്യമായ വായുവില്‍നിന്ന് ഇവ വിഷവാതകങ്ങളെ പുറംതള്ളി ഏകദേശം 90-95 ശതമാനം ഓക്സിജന്‍ നല്‍കും.

മുറിയില്‍ നിന്നോ, പരിസരത്തുനിന്നോ വായുവിനെ സ്വീകരിച്ച്, ശുദ്ധീകരിച്ച് ആവശ്യമുള്ള വ്യക്തിക്ക് ഓക്‌സിജന്‍ മാത്രമായി നല്‍കുകയാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുക. പുകയില്‍നിന്ന് സംരക്ഷണം നല്‍കുന്ന ഉന്നതനിലവാരത്തിലുള്ള മാസ്‌കുകള്‍ ബ്രഹ്മപുരത്ത് വിതരണം ചെയ്യുന്നതിനായി കെയര്‍ ആൻഡ് ഷെയര്‍ വൈദ്യസംഘത്തിനു കൈമാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here