വാഷിംഗ്ടണ്‍: പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിടിവിനെത്തുടര്‍ന്നുള്ള സാമ്പത്തികമാന്ദ്യം കേരളത്തിലെ പ്രവാസി നിക്ഷേപത്തില്‍ വലിയ കുറവുവരുത്തിയതായി കണക്കുകള്‍. കേരളത്തിന്റെ മുഖ്യവരുമാന മാര്‍ഗങ്ങളിലൊന്നാണ് പ്രവാസികള്‍ അയക്കുന്ന പണം. യുഎസിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും വലിയ തിരിച്ചിടായിട്ടില്ലെങ്കിലും  ഗള്‍ഫ് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോതില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ നഷ്ടവുമാണ് ഗള്‍ഫ് മലയാളികള്‍ക്ക് തിരിച്ചടിയായത്.

വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ 40 ശതമാനവും കേരളത്തിലേക്കാണെന്നാണ് കണക്ക്. ഇതനുസരിച്ച് 40,000 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തിനുണ്ടായത്. കേരളത്തില്‍ 24 ലക്ഷം കുടുംബങ്ങള്‍ വിദേശ പണത്തെ ആശ്രയിച്ചു കഴിയുന്നുവെന്നാണ് കണക്ക്. അഥവാ ആകെ കുടുംബങ്ങളുടെ
മൂന്നിലൊന്ന്. വിദേശ രാജ്യങ്ങളില്‍ നിന്ന് പണമയക്കുന്നത് നിലച്ചാല്‍ മൂന്നരക്കോടി കേരളീയരില്‍ 72 ലക്ഷം പേരെ നേരിട്ടു ബാധിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം സി ഡി എസിലെ ഡോ. ഇരുദയരാജന്‍ തയാറാക്കിയ മൈഗ്രന്റ് പഠന റിപ്പോര്‍ട്ട് പറയുന്നു.

2014ലെ കണക്കിനുസരിച്ച് കേരളത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും വര്‍ഷത്തില്‍ 70,000 കോടി രൂപയാണ് എത്തുന്നത്. അതില്‍ സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര വരുമാനത്തിന്റെ 36.3 ശതമാനമാണ്. സംസ്ഥാനത്തിന്റെ ആളോഹരി വരുമാനത്തിന്റെ നാലിലൊന്നു വഹിക്കുന്നത് വിദേശപണമാണ്. 2014ല്‍ കേരള സര്‍ക്കാറിനു ലഭിച്ച വരുമാനത്തിന്റെ 1.2 ഇരട്ടി തുകയായിരുന്നു വിദേശമലയാളികള്‍ അയച്ചത്.

എന്നാല്‍, നാലു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇത്തവണ വിദേശപണം എത്തിയത്.  ഇത് ഏറ്റവുമധികം ബാധിച്ചത് കേരളത്തെയും. സ്വകാര്യ പണക്കൈമാറ്റം 2011 ലെവലിലാണെത്തിയത്. 2012 ഒക്‌ടോബര്‍ഡിസംബര്‍ കാലയളവില്‍ രാജ്യത്താകെ 15 ബില്യന്‍ ഡോളറിന്റെ ഇടിവുണ്ടായതായി റിസര്‍വ് ബേങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ രാജ്യത്തേക്കു വന്നത് 64 ബില്യന്‍ ഡോളര്‍ (3.8 ലക്ഷം കോടി രൂപ) ആണ്.

എണ്ണവിലയിടിവു സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തന്നു. കേരളത്തിനു ശേഷം പഞ്ചാബ്, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് വിദേശ പണം ബാധിക്കുക. അവസാന അഞ്ചു വര്‍ഷത്തില്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള പണമൊഴുക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രവാസികളുടെ വര്‍ധന തന്നെയാണ് പ്രധാന കാരണം.

1998ല്‍ 13.6 ലക്ഷം മലയാളികള്‍ മാത്രമാണ് വിദേശ രാജ്യങ്ങളിലുണ്ടായിരുന്നത്. എന്നാല്‍ 2014ലെ കണക്കനുസരിച്ച് ഇത് 24 ലക്ഷമാണ്. കേരളത്തിലേക്ക് വരുന്ന വിദേശ പണത്തില്‍ വലിയ ഭാഗവും ഗള്‍ഫില്‍ നിന്നാണ്. കേരളം തിരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍ ഗള്‍ഫ് പണത്തിന്റെ സ്വാധീനവും സാധ്യതതകളും പരിഗണിച്ചുകൊണ്ടുള്ള സാമ്പത്തികാസൂത്രണം നടത്തേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here