ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസിൽ ഹൈകോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ. റിട്ട് ഹർജി നൽകുമെന്ന് പരാതിക്കാരനായ ആർ.എസ്.ശശികുമാർ അറിയിച്ചു. ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് തീരുമാനം. ലോകായുക്ത ഉത്തരവിൽ അവ്യക്തതകൾ ഉണ്ടെന്നും ശശികുമാർ വ്യക്തമാക്കി.

ഇന്നലെയാണ് ഭിന്നാഭിപ്രായത്തെ തുടർന്ന് കേസ് വിശാല ബെഞ്ചിനു ലോകയുക്ത വിട്ടത്. ദുരിതാശ്വാസനിധിയിൽ നിന്ന് പണം നൽകാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടോ എന്ന കാര്യത്തിലും,മന്ത്രിസഭ എടുത്ത തീരുമാനത്തിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലുമായിരുന്നു ഭിന്നാഭിപ്രായം. വിശാല ബെഞ്ച് എന്ന് കേസ് പരിഗണിക്കുമെന്നു നിശ്ചയിച്ചിട്ടില്ല.

മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരേയും പ്രതിയാക്കിയായിരുന്നു ഹർജി. അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ എ കെ.കെ രാമചന്ദ്രൻറെയും അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയൻറെയും കുടുംബത്തിനും പണം നൽകിയതിന് എതിരെയായിരുന്നു പരാതി.

വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനാൽ പരാതിക്കാരനായ ആർ.എസ് ശശികുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നൽകാൻ നിർദേശിച്ച കോടതി, ഏപ്രിൽ മൂന്നിലേക്ക് കേസ് മാറ്റിയതിനിടെയാണ് ലോകായുകത കേസിൽ ഇന്നലെ വിധി പറയാൻ തീരുമാനിച്ചത്. കേസിന്റെ വാദം നടക്കുന്നതിനിടെ ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള വിധി മുന്നിൽ കണ്ടാണ് നീക്കമെന്നായിരുന്നു ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here