തിരുവനന്തപുരം: നഷ്ടപ്പെട്ട ദേശീയപാര്‍ട്ടി പദവി വീണ്ടെടുക്കേണ്ട ബാധ്യത കേന്ദ്ര നേതൃത്വത്തിന്റെ തലയില്‍ കെട്ടിവച്ച് സി.പി.ഐ. സംസ്ഥാന നേതൃത്വം. പാര്‍ട്ടിക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെങ്കില്‍ ദേശീയനേതൃത്വം അതിനനുസരിച്ച് ഉണരണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം.

 

ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടശേഷം കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന നിര്‍വാഹകസിമിതിയോഗത്തിലാണ് ഇതിന്റെ ഉത്തരവാദിത്വം പരോക്ഷമായാണെങ്കില്‍പോലും ദേശീയ നേതൃത്വത്തിനാണെന്ന തരത്തിലുള്ള അഭിപ്രായം ഉയര്‍ന്നത്. ദേശീയ നേതൃത്വത്തിന്റെ കാഴ്ചപ്പാടില്‍ സ്വയംവിമര്‍ശനപരമായ തിരുത്തല്‍ ആവശ്യമാണെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.

 

മുല്ലക്കര രത്‌നാകരന്‍ മാത്രമാണ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്. പാര്‍ട്ടിക്ക് ദേശീയാംഗീകാരം വീണ്ടെടുക്കണമെങ്കില്‍ അതിനനുസരിച്ച പരിപാടി ദേശീയ നേതൃത്വം ആവിഷ്‌കരിക്കേണ്ടതുണ്ട്. മഹിതപാരമ്പര്യമുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ ദേശീയാംഗീകാരം നഷ്ടമാകുമ്പോള്‍ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകനുണ്ടാകുന്ന ആഘാതം വലുതാണ്. ആ പ്രവര്‍ത്തകനുണ്ടാകുന്ന ആഘാതത്തിന്റെ എത്രയോ ഇരട്ടി ആഘാതം അപ്പോള്‍ ദേശീയ നേതൃത്വത്തിന് സ്വയമുണ്ടാകണം.

ആ ആഘാതത്തോടെ കാര്യങ്ങളെ സമീപിക്കുമ്പോഴാണ് വരുംകാല തെരഞ്ഞെടുപ്പുകളില്‍ വാശിയോടെ ഇടപെടാനും എല്ലാതലത്തിലുമുള്ള വളര്‍ച്ച കൈവരിക്കാനും സാധിക്കുക. സാധ്യതകള്‍ എപ്പോഴും എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ആ സാധ്യതയെ കത്തിക്കാനാവശ്യമായ തീ പാര്‍ട്ടിയിലെ എല്ലാവരിലുമുണ്ടാകുമ്പോഴാണ് ശക്തി കൈവരിക്കാനാവുകയെന്നും മുല്ലക്കര രത്‌നാകരന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. മറ്റാരും വിഷയമേറ്റു പിടിച്ചില്ല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിഷയത്തില്‍ വിശദീകരണമൊന്നും നടത്തിയില്ല.

”ഇന്ത്യയെ രക്ഷിക്കൂ” എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി. ജിസ്‌മോന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്നും പ്രസിഡന്റ് എന്‍. അരുണിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന ജാഥകള്‍ വിജയിപ്പിക്കാന്‍ യോഗം നിര്‍ദേശിച്ചു. മേയ് 14 മുതല്‍ 28 വരെയാണ് ജാഥ. തൃശൂരിലാണ് ഇരുജാഥകളും സമാപിക്കുക.

എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണന തുറന്നുകാട്ടാനും ഇതിനിടയിലും സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമപരിപാടികള്‍ വിശദീകരിക്കാനും പാര്‍ട്ടി നേതാക്കള്‍ ഈ ആഘോഷപരിപാടി പ്രയോജനപ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു. എം.എന്‍. സ്മാരകം നവീകരിക്കുന്നതിനായി കൂപ്പണ്‍ പിരിവ് സമ്പ്രദായം നടപ്പാക്കാന്‍ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.

1959-ല്‍ സി.പി.ഐ. ആസ്ഥാനം കെട്ടിപ്പടുക്കാന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ കൂപ്പണ്‍ പിരിവാണ് നടത്തിയത്. അതേ മാതൃക ഇപ്പോഴും വേണമെന്നാണ് തീരുമാനം. അന്ന് 5 രൂപയുടെയും 10 രൂപയുടെയും കൂപ്പണുകളായിരുന്നുവെങ്കില്‍ ഇപ്പോള്‍ 100രൂപ, 200 രൂപ, 500 രൂപ, 1000 രൂപ എന്നിങ്ങനെയുള്ള കൂപ്പണുകള്‍ അച്ചടിച്ച് പൊതുജനങ്ങളെ ഫണ്ട് ശേഖരണത്തിനായി സമീപിക്കണമെന്നും യോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here