കോട്ടയം:പി. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണത്തെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന് പൂഞ്ഞാര്‍ മണ്ഡലമാണ്. ഇടതു-വലതു മുന്നണികള്‍ക്ക് അനഭിമതനായ പി.സി.ജോര്‍ജ് സ്വതന്ത്രനായി ജനവിധി തേടുന്നു
എന്നതുതന്നെയാണ് ഇതിനു പ്രധാനകാരണം. ഇരുമുന്നണികളെയും ഒരുപോലെ വെല്ലുവിളിക്കുന്ന പി.സി. ജോര്‍ജിന്റെ സാന്നിധ്യം മൂലം  പൂഞ്ഞാറിലെ പോരാട്ടം പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ളതായി
മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത. സി.പിഎം ന്റെ ഘടകക്ഷിയായ ജനാധിപത്യകേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ പി.സി ജോസഫിന് വേണ്ടിയാണ് പിണറായിയുടെ നേതൃത്വത്തില്‍ പ്രചരണം നടത്തുന്നതെങ്കില്‍ കേരളാ കോണ്‍ഗ്രസ് (എം) ന്റെ സ്ഥാനാര്‍ത്ഥിയായ  ജോര്‍ജുകുട്ടി  ആഗസ്തിക്കായി പ്രചരണം നയിക്കുന്നതാകട്ടെ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയും. ഘടക കക്ഷികളുടെ സ്ഥാനാര്‍ത്ഥി  എന്നതിലും  അപ്പുറം  സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി കാണാനാണ്  ഇരു നേതാക്കളും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ  വാക്കുകള്‍ ശിരസാ വഹിക്കുന്ന പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നേതാക്കളും നടത്തുന്നത്. ആന്റോ ആന്റണി എം.പി , അദേഹത്തിന്റെ അനുജന്‍ ചാള്‍സ്  ആന്റണി തുടങ്ങി ബൂത്ത്തല കോണ്‍ഗ്രസ് നേതാക്കള്‍ വരെ എന്ത്  വില കൊടുത്തും ജോര്‍ജ്കുട്ടിയെ ജയിപ്പിച്ചേ അടങ്ങൂവെന്ന വാശിയിലാണ്. കേരളത്തിലെ ഏറ്റവും ശക്തരായ രണ്ട് രാഷ്ട്രീയനേതാക്കളുടെ നേതൃത്വത്തില്‍  പൂഞ്ഞാറിലെ  തിരഞ്ഞെടുപ്പ് പ്രചരണം നീങ്ങി തുടങ്ങിയതോടെ ഇരുമുന്നണികളും ആവേശക്കൊടുമുടിയിലെത്തിക്കഴിഞ്ഞു. യു.ഡി.എഫിനെയും , എല്‍.ഡി.എഫിനെയും ഒരു പോലെ  പിന്നില്‍ നിന്ന് കുത്തിയ പി.സി ജോര്‍ജിന് ശക്തമായ മറുപടി നല്‍കുകയെന്ന ഉദേശവും ഉമ്മന്‍ ചാണ്ടിക്കും പിണറായി വിജയുമുണ്ട് എന്ന് വേണം കരുതാന്‍.ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ അത്  ഭാവിയില്‍ ദോഷം  ചെയ്യുമെന്ന വിലയിരുത്തലിലാണ് എല്‍.ഡി.എഫ് പ്രവേശനം  നിഷേധിച്ചത്. എന്നാല്‍  പ്രദേശത്തെ പ്രാദേശികനേതാക്കളുടെ ഭാഗത്ത് നിന്ന് വേണ്ട പിന്തുണയുണ്ടാകുന്നില്ലയെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പിണറായി തന്നെ നേരിട്ടെത്തി പൂഞ്ഞാറിലെ കാര്യങ്ങള്‍ വിലിയിരുത്തുന്നതും കൂടുതല്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന മുന്‍തൂക്കവും പി.സി  ജോര്‍ജിന് അനുദിനം നഷ്ടപ്പെടുകയാണെന്നാണ് പൂഞ്ഞാറില്‍  നിന്ന് കേള്‍ക്കുന്നത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പൂഞ്ഞാറില്‍ മത്സരിക്കുന്ന ജോര്‍ജിന് മുന്നണി സ്ഥാനാര്‍ത്ഥികള്‍  കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുക. ഈമാസം 29 ന് വി.എസ് അച്യുതാനന്ദന്‍പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ മുണ്ടക്കയത്തും എല്‍.ഡി.എഫ്  സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ പാര്‍ട്ടിപ്രവര്‍ത്തകരെ മുഴുവനായും എത്തിക്കാനാണ് നീക്കം. സി.പി.എം
വഞ്ചിച്ചു എന്നു പറഞ്ഞ് ഇടതുമുന്നണിക്കെതിരെ ആരോപണം ഉന്നയിക്കുന്ന  പി.സി ജോര്‍ജിന് മറുപടി നല്‍കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ വരവോട് കൂടി കഴിയുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. താന്‍ വിഎസിനെ പിന്തുണച്ചതുകൊണ്ടാണ് സി.പി.എമ്മിലെ ഒരു വിഭാഗം സീറ്റ് നല്‍കാത്തതെന്ന് ജോര്‍ജ് ആരോപിച്ചിരുന്നു. അതേപോലെ പൂഞ്ഞാറിലെ യഥാര്‍ഥ ഇടതുസ്ഥാനാര്‍ഥി താനാണെന്നും സഖാക്കളുടെ വോട്ട് തനിക്കാണെന്നും ജോര്‍ജ് പറഞ്ഞിരുന്നു. ഇതു സി.പി.എമ്മിലും ഇടതുമുന്നണിയിലും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഇതു തരണം ചെയ്യാനും ഇടതു ക്യാമ്പിനെ ഊര്‍ജസ്വലമാക്കാനുമാണ് വിഎസിനെ പൂഞ്ഞാറില്‍ എത്തിക്കാന്‍ സി.പി.എം നീക്കം നടത്തുന്നത്. സംസ്ഥാന നേതൃത്വമാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here