കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ പത്ത് വയസുകാരന്‍ കുത്തേറ്റ് മരിച്ചു. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയായ പുല്ലേപ്പടി പാറപ്പള്ളി ജോണിന്റെ മകന്‍ ക്രിസ്റ്റി ജോണ്‍ ആണ് മരിച്ചത്. രാവിലെ ആറരയ്ക്ക് പാല്‍ വാങ്ങാനായി കടയില്‍ പോയി വരികയായിരുന്ന ക്രിസ്റ്റിയെ അയല്‍വാസിയായ പൊന്നാശേരി അജി ദേവസ്യ(40) എന്നയാളാണ് കുത്തിയത്.

പാലും മുട്ടയും വാങ്ങി  മടങ്ങുകയായിരുന്ന ക്രിസ്റ്റിയെ വീടിന് നൂറ് മീറ്റര്‍ അകലെ വച്ചാണ് അയല്‍വാസിയായ അജി ദേവസ്യ ആക്രമിച്ചത്. മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് പതിനേഴിലേറെ തവണയാണ് പ്രതി കുട്ടിയെ കുത്തിയത്. 

അക്രമം കണ്ട് ചില സ്ത്രീകള്‍ നിലവിളിച്ചു ബഹളം വച്ചതോടെ ക്രിസ്റ്റിയുടെ മാതാപിതാക്കളടക്കമുള്ളവര്‍ ഇവിടേക്ക് ഓടിയെത്തി. ക്രിസ്റ്റിയുടെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.

 image (3)

സെന്റ് ആല്‍ബര്‍ട്ട് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ക്രിസ്റ്റി. പിതാവ് ജോണ്‍ ഓട്ടോ ഡ്രൈവറാണ്. മാതാവ് ലിനി. ഇതേ സ്‌കൂളില്‍ തന്നെ 7-ാം ക്ലാസ് വിദ്യാര്‍ഥിയായ എബിള്‍ സഹോദരനാണ്. വരുന്ന ശനിയാഴ്ച  ക്രിസ്റ്റിയുടെ ആദ്യകുര്‍ബാന ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു ഇവരുടെ കുടുംബം.

കുട്ടിയെ ആക്രമിച്ച അജി ദേവസ്യയെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ 12 വര്‍ഷത്തോളമായി മാനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും, പലപ്പോഴും അക്രമാസക്തനായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ക്രിസ്റ്റിയുടെ തൊട്ടടുത്ത വീട്ടിലാണ് അജി ദേവസ്യയും ഇയാളുടെ മാതാവും താമസിച്ചിരുന്നത്. 

അജി ദേവസ്യയുടെ ശല്യം സഹിക്കാനാവാതെ ഇയാളുടെ അമ്മ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും, തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇയാളെ ഡിസംബറില്‍ തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. രണ്ട് മാസത്തെ ചികിത്സ കഴിഞ്ഞ് ഫിബ്രവരിയിലാണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ തൃശ്ശൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ച ഡോ.ലക്ഷ്മിയായിരുന്നു അജി ദേവസ്യയെ ചികിത്സിച്ചിരുന്നത്.  

പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ക്രിസ്റ്റിയുടെ മൃതദേഹം തുടര്‍ നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും ശേഷം മൃതദേഹം ഇന്നു തന്നെ വീട്ടുകാര്‍ക്ക് വിട്ടു കൊടുക്കുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here