ഇടുക്കി : മൂന്നറിവെ ഭീതിയിലാക്കിയ അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യം നാളെ ആരംഭിക്കും. പുലർച്ചെ നാലരയോടെ ദൗത്യം തുടങ്ങാൻ മൂന്നാർ ചിന്നക്കനാലിൽ ചേർന്ന ദൗത്യസംഘത്തിന്റെ യോഗം തീരുമാനിച്ചു. ആറുമണിക്ക് മയക്കുവെടി വയ്ക്കാനാണ് തീരുമാനം. അതേസമയം പിടികൂടിയ ശേഷം കൊമ്പനെ എങ്ങോട്ടുമാറ്റുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

അരിക്കൊമ്പൻ ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായതത്തിലെ ആദ്യ രണ്ടുവാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

നാലു കുങ്കി ആനകളാണ് അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുക്കുന്നത്. പുലർച്ചെ നാലുമുപ്പതിന് ചിന്നക്കനാലിലെ ബേസ് സ്റ്റേഷനിൽ നിന്ന് ദൗത്യത്തിന് പുറപ്പെടാനാണ് തീരുമാനം. രാവിലെ ആറിന് തന്നെ കൊമ്പനെ വെടിവയ്ക്കാനാണ് തീരുമാനം. ഇതിനുള്ള തോക്കുകളും മരുന്നുകളും ദൗത്യമേഖലയിൽ എത്തിച്ചിട്ടുണ്ട്. വെടിയേറ്റ് മയങ്ങിയെന്നുറപ്പായാൽ നാല് കുങ്കിയാനകളെയും സമീപത്തേക്ക് എത്തിക്കും. മയക്കം വിടുംമുമ്പ് തന്നെ റേഡിയോ കോളർ ധരിപ്പിക്കും. തുടർന്ന് പ്രത്യേക ലോറിയിലേക്ക് മാറ്റും.

വെടിയേറ്റാൽ ആറുമണിക്കൂർ കഴിയണം കൊമ്പൻ മയക്കം വിട്ടുണരാൻ. അതിന് മുമ്പ് ചിന്നക്കനാലിൽ നിന്ന് കൊണ്ടുപോകണം. നിലവിലെ സാഹചര്യത്തിൽ തേക്കടിയിലെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റാനാണ് സാദ്ധ്യത. തിരുവനന്തപുരത്തെ നെയ്യാറും നേരത്തെ പരിഗണിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here