
കൊല്ലം: അബദ്ധത്തിൽ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. പത്തനാപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്തിനാണ്(27) പരിക്കേറ്റത്. തോക്ക് വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. കാൽമുട്ടിൽ വെടിയുണ്ട തുളച്ചുകയറിയതിന് പിന്നാലെ ഉദ്യോഗസ്ഥനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സംഭവമുണ്ടായത്.
അതേസമയം ആലപ്പുഴയിൽ എസ് ഐയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പിടികൂടി. മാന്നാറിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ സംഘർഷം നിയന്ത്രിക്കാനെത്തിയ എസ് ഐയെ തലയ്ക്കടിച്ച മാന്നാർ കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ ജയേഷ്(24), കരിപ്പുറത്ത് വീട്ടിൽ രോഹിത് ചന്ദ്രൻ (24), വിഷവർശ്ശേരിക്കര ആതിര ഭവനത്തിൽ അരുൺ(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടംപേരൂർ കുന്നത്തൂർ ശ്രീദുർഗാ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻ പാട്ട് പരിപാടിയ്ക്കിടെയുണ്ടായ സംഘർഷത്തിനിടയിലാണ് പ്രതികൾ എസ് ഐ ബിജുക്കുട്ടനെ തലയ്ക്കടിച്ചത്. പരിക്കേറ്റ എസ് ഐ പരുമലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാത്രി പത്ത് മണിയ്ക്കാണ് യുവാക്കളുടെ അറസ്റ്റിലേയ്ക്ക് നയിച്ച സംഭവമുണ്ടായത്. ക്ഷേത്ര പരിസരത്ത് പരിപാടി നടക്കുന്നതിനിടയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. സംഘർഷത്തിൽ ഇടപെടാനെത്തിയ ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ യൂണിഫോം പ്രതികളിൽ ഒരാൾ ബലമായി വലിച്ച്കീറുകയായിരുന്നു. തുടർന്ന് സ്ഥിഗതികൾ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടയിൽ എസ് ഐ ബിജുക്കുട്ടന് പിന്നിൽ നിന്ന് തലയിൽ വടികൊണ്ടുള്ള അടിയേൽക്കുകയായിരുന്നു.