ആഷാമാത്യു

ഇന്ന് നേഴ്സുമാരുടെ സുദിനം. ഭൂമിയിലെ ദൈവത്തിന്റെ മാലാഖമാരെ ഓര്‍ക്കാനും അവര്‍ക്ക് നന്ദി പറയാനും ഒരു ദിവസം. എനിക്കേറെയിഷ്ടമാണ് നേഴ്സുമാരെ. എന്റെ ചേച്ചി ഒരു നഴ്സാണ്. പപ്പേടേം മമ്മീടേം സഹോദരങ്ങളുടെ മക്കളായ ചേച്ചിമാരിലും നഴ്സുമാരുണ്ട്. പിന്നെയും പ്രിയപ്പെട്ടവരില്‍ പലരും നേഴ്സുമാരാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു നേഴ്സിന്റെ സേവനം ലഭ്യമാകാത്ത ആരും തന്നെയുണ്ടാകില്ല. ഒരു കൊച്ചു പനിയാണെങ്കിലും ആകെ തളര്‍ന്നു കിടപ്പിലായതാണെങ്കിലും ആശുപത്രി മുറികളില്‍ അരികില്‍ അവരുണ്ടാകും സ്നേഹത്തോടെയുള്ള പുഞ്ചിരിയുമായി, ഇതൊന്നും സാരമില്ലെന്ന ആശ്വാസ വചനവുമായി.

മരുന്നുകളുടെയും മനംമടുപ്പിക്കുന്ന ഡെറ്റോളിന്റെയും ഇടയിലെ ആശുപത്രി ജീവിതത്തില്‍ സന്തോഷത്തോടും പ്രസരിപ്പോടും അരികിലെത്തുന്നത് മാലാഖമാര്‍ തന്നെയാണ്. കൈയില്‍ സിറിഞ്ചും ഡ്രിപ്സെറ്റുമായി നിറഞ്ഞ പുഞ്ചിരിയോടെ തൂവെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ് അരികിലെത്തുന്ന അവരെ നാം സ്നേഹത്തോടെ സിസ്റ്റര്‍ എന്ന് വിളിക്കുന്നു. ശുഭാപ്തിവിശ്വാസം പകര്‍ന്ന് വേദനകള്‍ മറക്കാന്‍ പഠിപ്പിക്കുന്നവര്‍. ഭൂമിയിലെ മാലാഖമാര്‍. ദൈവം പ്രത്യേക തിരഞ്ഞെടുത്തവരാകും നേഴ്സുമാരായി അവതരിക്കുന്നത്. അത് തീര്‍ച്ചയായും അങ്ങനെത്തന്നെയായിരിക്കണം. ദൈവം ആഗ്രഹിക്കാത്ത ഒരാള് പോലും നേഴ്സാകരുത്. കാരണം ആ ജോലി അതൊരു മഹത്തായ സേവനമാണ്. അതൊരിക്കലും കടമ നിര്‍വഹിക്കലാകരുത്.

രോഗം പോലെ മനുഷ്യരെ നിസ്സഹായരാക്കുന്ന മറ്റൊന്നുമില്ല. രോഗാവസ്ഥകളില്‍ നമ്മള്‍ നിസ്സഹായരും നിരാശ്ശരുമാകും. പ്രിയപ്പെട്ടരുടെ പോലും സാമീപ്യമില്ലാതെ ജീവിതത്തില്‍ പലരും ഒറ്റയ്ക്കാവുന്ന നിമിഷങ്ങളുണ്ട്. ഇനിയൊന്നും പ്രതീക്ഷിക്കാനില്ലാതെ എല്ലാരും കൈവിട്ടെന്ന തോന്നലില്‍ നിരാശയുടെ അങ്ങേയറ്റത്തേക്ക് വലിച്ചെറിയപ്പെടുന്ന സാഹചര്യങ്ങളുണ്ട്. ആശുപത്രിയിലെ ഐസിയു മുറികളില്‍ സഹിക്കാനാകാത്ത വേദനയും ജീവിതത്തോട് മടുപ്പും ലോകത്തോട് മുഴുവന്‍ വിദ്വേഷവുമായി കഴിയേണ്ടി വരുന്ന അവസരങ്ങളുണ്ട്.

അപ്പോഴൊക്കെയും പുഞ്ചിരിയോടെ അരികിലെത്തുന്നത്, സ്നേഹത്തോടെ കരുതലോടെ ശുശ്രുഷിക്കുന്നത്, ഞങ്ങളുണ്ടെന്നു പറയാതെ പറയുന്നത് അവരാണ്. ദൈവത്തിന്റെ മാലാഖമാര്‍. പ്രതിസന്ധികളെ നേരിടാന്‍ ചിലപ്പോഴൊക്കെ അവരാണ് തുണയാവുക. വീണ്ടുമൊരു നേഴ്സസ് ഡേ ആഘോഷിക്കപ്പെടുകാണ്. കൈയ്യില്‍ ഒരു കൊച്ചു വിളക്കുമായി മുറിവേറ്റ സൈനികരെ ചികിത്സിച്ച് ലോകത്തിന് മുഴുവന്‍ ആതുര സേവനത്തിന്റെ മാതൃക പകര്‍ന്നു നല്‍കിയ ഫ്ളോറന്‍സ് നൈറ്റിംഗേയ്ല്‍ എന്ന മഹത് വ്യക്തിയുടെ ജന്മദിനമാണിന്ന്.

അന്ന് ഫ്ളോറന്‍സിന്റെ കൈയിലുണ്ടായിരുന്ന ആ ദീപനാളം ഇന്ന് കൈയില്‍ മുറുകെ പിടിച്ചിരിക്കുന്നത് നമ്മുടെ നേഴ്സുമാരാണ്. ആ മഹത് വ്യക്തിയുടെ മഹനീയ പാത പിന്തുടര്‍ന്ന് നേഴ്സുമാരായി ലോകമെമ്പാടും സേവനം അനുഷ്ഠിക്കുന്ന എല്ലാവര്‍ക്കും ഈ സുദിനത്തിന്റെ ആശംസകള്‍ നേരുന്നു. നന്ദിയോടെ ഓര്‍ക്കാം കണ്ടുമറന്ന, കൈത്താങ്ങായ മുഴുവന്‍ മാലാഖമാരെയും. അവര്‍ക്ക് ഈ ദിനത്തിന്റെ സകല നന്മകളും നേരാം. പ്രതിസന്ധികളെ അതിജീവിച്ച് ജോലിമേഖലയില്‍ അവര്‍ സംതൃപ്തരായിരിക്കട്ടെ എന്നാശംസിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here